തൃശൂര്‍: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഭീമന് ചോക്ലേറ്റ് കേക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് തൃശൂരിലെ രാമനിലയം റോഡില്‍ തടിച്ചുകൂടിയത്. കാണാനെത്തുന്നവര്‍ക്ക് ഒരു കിലോയുടെ റെക്കോര്‍ഡ് കേക്ക് കൈമാറുമെന്ന പ്രഖ്യാപനം വന്നതോടെ ആളുകള്‍ക്ക് ആവേശം ഇരട്ടിയായി. കേക്ക് നിര്‍മിക്കുന്നത് കാണാനുള്ള ആവേശത്തിന്റെ ഇരട്ടി ആവേശവും സന്തോഷവുമുണ്ടായിരുന്നു കേക്ക് വാരിയെടുക്കുമ്പോള്‍ കേക്ക് പ്രേമികളുടെ മുഖത്ത്. റെക്കോര്‍ഡ് പ്രഖ്യാപിച്ചതിന് ശേഷം കൈനിറയെ കേക്കുമായാണ് മധുരപ്രിയര്‍ മടങ്ങിയത്. ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു ഈ ഭീമന് കേക്കിന്റെ അപൂര്‍വ്വ കാഴ്ച്ച ഒരുക്കിയത്. 5.3 കിലോമീറ്റര്‍ നീളത്തില്‍ നെടുനീളന്‍ കേക്കാണൊരുങ്ങിയത്. 5 ഇഞ്ച് വീതിയും അഞ്ചര ഇഞ്ച് ഉയരവും ഉറപ്പാക്കി മൂന്നു വരിയായാണു കേക്ക് നിര്‍മിച്ചത്. നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ബേക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കേക്ക് നിര്‍മ്മിച്ചത്. 1200 ഓളം ജീവനക്കാര്‍ കേക്ക് നിര്‍മാണത്തില്‍ പങ്കാളിയായി. കേക്ക് പരിശോധിക്കാന്‍ ഗിന്നസ് അധികൃതരും എത്തി. കേക്ക് നിര്‍മാണത്തിനായി 61 ലക്ഷം രൂപ ചെലവിട്ടതായി സംഘാടകര്‍ അറിയിച്ചു.
കാണാനെത്തിയവര്‍ക്ക് കൈനിറയെ കേക്ക്; ഗിന്നസ് കേക്ക് നുണയാന്‍ ആയിരങ്ങള്‍
By
January 16, 2020 4:40 pm