Business

വഴി നീളെ മധുരം.. ഭീമന്‍ ചോക്ലേറ്റ് കേക്കൊരുക്കി ഗിന്നസ് ബുക്കില്‍ ഇടം നേടി തൃശ്ശൂര്‍

തൃശ്ശൂര്‍: ലോകത്തിലെ ഏറ്റവും നീളമേറിയ കേക്കുമായി ഗിന്നസ് ബുക്കില്‍ ഇടം നേടി തൃശ്ശൂര്‍. 5.3 കിലോമീറ്റര്‍ നീളമുള്ള ഭീമന്‍ ചോക്ലേറ്റ് കേക്ക് നിര്‍മ്മിച്ചാണ് ലോക റെക്കോര്‍ഡ് നേടിയത്. റെക്കോര്‍ഡ് ഉറപ്പാക്കിയതിന് ശേഷം കേക്ക് കാണാനെത്തിയവര്‍ക്ക് ഓരോ കിലോ വീതം മുറിച്ചു നല്‍കി.  തൃശൂര്‍ രാമനിലയം റോഡില്‍ ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് അപൂര്‍വ്വ കാഴ്ച്ച ഒരുങ്ങിയത്. കേക്കുകളുടെ കൂട്ടത്തിലെ ഭീമന്‍ കേക്ക് മേശകള്‍ക്ക് മുകളില്‍ നിരന്നപ്പോള്‍ നീളത്തിന്റെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 5.3 കിലോമീറ്റര്‍ നീളത്തില്‍ നെടുനീളന്‍ കേക്കാണൊരുങ്ങിയത്. 5 ഇഞ്ച് വീതിയും അഞ്ചര ഇഞ്ച് ഉയരവും ഉറപ്പാക്കി മൂന്നു വരിയായാണു കേക്ക് നിര്‍മിച്ചത്.

നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ബേക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കേക്ക് നിര്‍മ്മിച്ചത്. 1200 ഓളം ജീവനക്കാര്‍ കേക്ക് നിര്‍മാണത്തില്‍ പങ്കാളിയായി. കേക്ക് പരിശോധിക്കാന്‍ ഗിന്നസ് അധികൃതരും എത്തി. കേക്ക് നിര്‍മാണത്തിനായി 61 ലക്ഷം രൂപ ചെലവിട്ടതായി സംഘാടകര്‍ അറിയിച്ചു. മൂന്നര കിലോമീറ്റര്‍ നീളത്തില്‍ ചൈനയില്‍ നിര്‍മിച്ച കേക്കാണ് ലോകത്തിലെ ഏറ്റവും വലിയ കേക്കായി ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതിനെ മറികടന്നാണ് ഭീമന്‍ ചോക്ലേറ്റ് കേക്ക് ഇപ്പോള്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ടി എന്‍ പ്രതാപന്‍ എംപി ഉള്‍പ്പെടെ കേക്ക് കാണാനെത്തി. ഒരു മണിക്കൂര്‍ കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും രണ്ടര മണിക്കൂറോളം വേണ്ടിവന്നു. 20000 കിലോയോളം തൂക്കവുമുണ്ട് കേക്കിന്. റെക്കോര്‍ഡ് ഉറപ്പാക്കിയതിന് ശേഷം കേക്ക് കാണാനെത്തിയവര്‍ക്ക് ഓരോ കിലോ വീതം മുറിച്ചു നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top