ബംഗളൂരു: കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പോലീസ്. കൊലപാതകത്തിലെ മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനും തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് പാഷയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മുംബൈയില്‍ നിന്ന് ലഭിച്ച തോക്ക് ബംഗളൂരുവില്‍ നിന്ന് തൗഫീക്കിന് കൈമാറുകയായിരുന്നു. തമിഴ്നാട് ക്യുബ്രാഞ്ച് ഇജാസിനെ ചോദ്യം ചെയ്യുകയാണ്. നിരോധിത തീവ്രവാദസംഘടന അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ ബംഗളൂരു സെന്‍ട്രല്‍ ക്രൈബ്രാംഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ അഞ്ചുപേരില്‍ ഒരാളാണ് ഇജാസ് പാഷ. ഇയാളെ കൂടാതെ അനീസ്, സഹീദ്, ഇമ്രാന് ഖാന്, സലിം ഖാന് എന്നിവരാണ് പോലീസ് പിടിയിലായത്. നിരോധിത സംഘടനയായ സിമിയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. കളിയിക്കാവിള മാര്‍ക്കറ്റിനു സമീപം വെടിവെക്കുന്നതിന് തൊട്ടുമുന്‍പ് പരിസരത്ത് വന്നു നോക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്.