തിരുവനന്തപുരം: സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപ്പെന്റന്റ് സിനിമ ‘ (MIC- മൈക്ക് )’ യുടെ ലോഗോ പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ട്രിവാൻഡ്രം ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ ചലച്ചിത്രകാരനും കെഎസ്എഫ്ഡിസി ചെയര്‍മാനുമായ ഷാജി എന്‍ കരുണ്‍ നിര്‍വ്വഹിക്കും.
ചലച്ചിത്ര അക്കാദമിയുടെ മലയാള സിനിമ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായി ഉയര്‍ന്നു വന്ന എതിര്‍പ്പിന്റെ ശബ്ദമാണ് ‘മൈക്ക്’. ആകെയുള്ള 12 സിനിമകളില്‍ മമ്മുട്ടിയുടെ ‘ ഉണ്ട ‘ ഉള്‍പ്പെടെ 6 കൊമേഴ്സ്യല്‍ സിനിമകളാണ് മേളയിലേക്ക് തെരഞ്ഞെടുത്തത്. ഇത് ഫെഫ്ക്ക ഉള്‍പ്പെടെയുള്ള സിനിമാ സംഘടനക്കാരുമായുള്ള സന്ധി ചെയ്യലാണെന്ന ആരോപണവുമുണ്ട്.
ഐഎഫ്എഫ്കെ നടത്തുന്നതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും പിന്നോട്ട് പോകുന്നതിനെ ചോദ്യം ചെയ്യുന്ന സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലെ ആദ്യ പൊതുപരിപാടിയില്‍ ചലച്ചിത്ര അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും ഐഎഫ്എഫ്കെ ആദ്യം വിഭാവനം ചെയ്ത ആളുമായ ഷാജി എന്‍ കരുണ്‍ പങ്കെടുത്തു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ അത് നിലവിലെ അക്കാദമി ഭാരവാഹികള്‍ക്ക് കിട്ടുന്ന തിരിച്ചടിയുമാണ്.
ഇപ്പോഴത്തെ അക്കാദമി നിലപാടുകള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന് കൂടി പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. 8 ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരത്തെ തൈക്കാട് ഗാന്ധിഭവനില്‍ നടക്കുന്ന സംഘടനയുടെ പ്രഥമ ജനറല്‍ ബോഡി അടൂര്‍ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്.