കല്‍പ്പറ്റ: വയനാട് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ പോലീസില്‍ പരാതി നല്കിയ യുവാവിന് മര്‍ദ്ദനം. ഗഗാറിന്റെ മകന് ഉള്‍പ്പെട്ട സംഘമാണ് മര്‍ദിച്ചതെന്ന് വൈത്തിരി സ്വദേശി ജോണ്‍ പരാതി നല്കി. മര്‍ദനത്തില്‍ പരിക്കേറ്റ ജോണ്‍ വൈത്തിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഭാര്യയുടെ മരണത്തില്‍ ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോണ്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദിക്കാന്‍ കാരണമെന്ന് യുവാവ് പറഞ്ഞു. ജോണിന്റെ ഭാര്യ സക്കീനയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് 20 മിനിറ്റ് മുമ്പ് സക്കീനക്ക് മര്‍ദനമേറ്റെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മനപ്പൂര്‍വം തര്‍ക്കമുണ്ടാക്കുകയും വാഹനം തടഞ്ഞ് ജോണിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. വൈത്തിരി പഞ്ചായത്ത് മെമ്പര്‍ എല്‍സിയും സംഘത്തിലുണ്ടായിരുന്നെന്ന് ജോണ്‍ പറഞ്ഞു.
വയനാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്കിയ യുവാവിന് മര്‍ദ്ദനം
By
November 26, 2019 2:15 pm