ഡല്‍ഹി: മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടി കൊണ്ട് അടിയേറ്റ് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കൊണ്ട്ലിയിലാണ് സംഭവം. ഗസിയാബാദിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന് തിയറ്റര്‍ ടെക്നീഷ്യനാണ് കുട്ടിയുടെ അച്ഛന്. അമ്മ ഒരു സ്വകാര്യ ക്ലിനിക്കില്‍ നഴ്സാണ്. എന്നാല്‍ കുറെ മാസങ്ങളായി കുട്ടിയുടെ പിതാവിന് ജോലിയില്ലാത്ത അവസ്ഥയിലായിരുന്നു. വഴക്ക് നടക്കുന്നതിനിടയില്‍ കുഞ്ഞ് അമ്മയുടെ മടിയിലായിരുന്നു. വഴക്കിനിടയില്‍ ഇരുമ്പ് വടി കൊണ്ട് കുട്ടിയുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു. രക്തം വരുന്നതുകണ്ട് പരിഭ്രാന്തരായ മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ക്ലിനികില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ മുറിവല്ലാത്തതിനാല് കുട്ടിയെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയക്കുകയായിരുന്നു.
എന്നാല്‍ ചൊവ്വാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടന്ന് മാതാപിതാക്കള്‍ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് സീരിയസാണെന്നും കുഞ്ഞിനെ പത്പറംഗജിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.