ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ അഹമ്മദാബാദില്‍ വോട്ട് ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചട്ട ലംഘനത്തിലൂടെ റോഡ് ഷോ നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉമേഷ് സിന്‍ഹ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗറില്‍ വോട്ടുചെയ്യാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. തുറന്ന വാഹനത്തിലെത്തിയ പ്രധാനമന്ത്രിയുടെ ഇരുവശത്തും തടിച്ചുകൂടിയ ജനം മുദ്രാവാക്യങ്ങള്‍ മുഴക്കി. പരസ്യപ്രചാരണം അവസാനിച്ചിട്ടും പാര്‍ട്ടിചിഹ്നവും പതാകയും വീശിയായിരുന്നു പ്രവര്‍ത്തകര്‍ മോദിയെ വരവേറ്റത്. വോട്ടുചെയ്ത് പുറത്തിറങ്ങിയ മോദി മഷിയടയാളം പുരട്ടിയ വിരലുയര്‍ത്തി റോഡിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.