കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടയില്‍ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ വൈറ്റിലയില്‍ 3 യുവാക്കളെ മര്‍ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ഗിരിലാല്‍, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഒരു അറസ്റ്റ് കൂടി ഉടനുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.
ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഞായറാഴ്ച പുലര്‍ച്ചെ ക്രൂരമായി ആക്രമിച്ച കേസില്‍ 4 ബസ് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ചിറയിന്‍കീഴ് മടവൂര്‍ ജയേഷ് ഭവനത്തില്‍ ജയേഷ് (25), രണ്ടാം പ്രതി കൊടകര ആനന്ദപുരം ആലത്തൂര്‍ മണപ്പിള്ളില്‍ ജിതിന് (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി അന്‍വര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.