തുടര്‍ച്ചയായ രണ്ട് ദിവസത്തെ മാന്ദ്യത്തിന് ശേഷം ഓഹരിവിപണി ഇന്ന് മുന്നേറി. സെന്‍സെക്സ് 181.39 പോയിന്റ് ഉയര്‍ന്ന് 35,695.10 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 55.10 പോയിന്റ് വര്‍ധിച്ച് 10727.35ലാണ് വ്യാപാരമവസാനിപ്പിച്ചത്.
നിഫ്റ്റിയില്‍ 35 ഓഹരികള്‍ ഇന്ന് നേട്ടത്തിന്റെ പാതയിലായിരുന്നു. ഇന്‍ഫ്രാടെല്‍, യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ക്കാണ് പ്രധാനമായും വില ഉയര്‍ന്നത്.
യെസ് ബാങ്ക്, വേദാന്ത, ടാറ്റാ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ സെന്‍സെക്സില്‍ മുന്നേറി.
നിക്ഷേപകര്‍ പരമാവധി കരുതലോടെയാണ് നീങ്ങുന്നത്. അടുത്തവാരം കോര്‍പ്പറേറ്റ് കമ്പനികളുടെ ഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നത് കണക്കിലെടുത്താണ് നിക്ഷേപകര്‍ വ്യാപാരത്തിലേര്‍പ്പെടുന്നത്. ടിസിഎസ്, ഇന്‍ഫോസിസ് എന്നീ കമ്പനികളുടെ ഡിസംബര്‍ പാദഫലങ്ങള്‍ ജനുവരി 10, 11 ദിവസങ്ങളില്‍ പുറത്ത് വരും.
വിദേശ നിക്ഷേപ ഫണ്ടുകള്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വാരം വ്യാഴാഴ്ച്ച വരെയുളള കണക്ക് പ്രകാരം 171 ദശലക്ഷം ഡോളര്‍ മൂല്യമുളള ഓഹരികളാണ് ഇവര്‍ വിറ്റുമാറിയത്.
നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 2.32 ശതമാനം വര്‍ധനയുണ്ടായി. സിന്‍ഡിക്കേറ്റ് ബാങ്ക്, പിഎന്‍ബി, എസ്ബിഐ ബാങ്ക് ഓഹരികള്‍ക്ക് വില ഉയര്‍ന്നു. ഏഷ്യന്‍ വിപണി സാവധാനം മെച്ചപ്പെട്ട് വരികയാണ്.