ശബരിമല സ്ത്രീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം കനത്ത അക്രമപരമ്പരകള്‍ അരങ്ങേറുന്നു. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറുണ്ടായി. കണ്ണൂരിലെങ്ങും പരക്കെ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്.
എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ രാത്രിയാണ് ബോംബേറുണ്ടായത്. തലശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനുനേരെയും രാത്രിയില്‍ ബോംബേറുണ്ടായി. തലശ്ശേരി കോടതിക്കു സമീപത്തെ വീടാണു ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.
ഇതിനിടെ ഇരിട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു. പെരുമ്പറമ്പിലെ വി.കെ.വിശാഖിനാണ് (28 ) വെട്ടേറ്റത്.
അതേസമയം ബിജെപി എംപി വി.മുരളീധരന്റെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. ഷംസീറിന്റെയും പി ശശിയുടെയും വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടത്.
ഇതിനിടെ തലശേരി മേഖലയില് സായുധ സേന നടത്തിയ മിന്നല് റെയ്ഡില് 27 സിപിഎം-ബിജെപി പ്രവര്‍ത്തകര് അറസ്റ്റില്‍. തലശേരിയിലും പരിസര പ്രദേശങ്ങളിലും എട്ട് പ്ലാറ്റൂണ്‍ സായുധ സേനയെ വിന്യസിച്ചു. സംസ്ഥാനത്ത് കനത്ത സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അക്രമപരമ്പരകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.