നഷ്ടപ്പെട്ടുപോയ തങ്ങളുടെ പ്രൗഡി വീണ്ടെടുക്കാന്‍ പുതിയ പ്രചാരണവുമായി മാഗി ന്യൂഡില്‍സ്. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്കിയാല് ഒരു പാക്കറ്റ് മാഗി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. മാര്‍ക്കറ്റ് തന്ത്രമായി വിലയിരുത്താമെങ്കിലും പ്ലാസ്റ്റിക്കിനെതിരായ മാഗിയുടെ പ്രചാരണത്തിന് വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. പ്ലാസ്റ്റിക്കിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ടുളള മാഗിയുടെ തിരിച്ചു വരവ് പ്രായോഗികമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെയും മസ്സൗറിയിലെയും 250 ഷോപ്പുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വൈകാതെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഇതിലൂടെ ലഭിക്കുന്ന കാലി പാക്കറ്റുകള്‍ ഇന്ത്യന്‍ പൊലൂഷന്‍ കണ്ട്രോള് അസോസിയേഷനാകും കൈകാര്യം ചെയ്യുക. പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് കമ്പനി അറിയിച്ചു.