ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമേരിക്കന്‍ മലയാളി ദമ്പതികള്‍ കൊക്കയില്‍ വീണ് മരിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. തലശ്ശേരി കതിരൂര്‍ ‘ഭാവുക’ത്തില്‍ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്.
യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ ട്രക്കിങ്ങിനിടെ മലമുകളില്‍ നിന്നും സെല്‍ഫിയെടുക്കുമ്പോള്‍ തെന്നിവീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. 3000 അടി ഉയരത്തില്‍ നിന്നാണ് ഇരുവരും വീണത്.
കീശയില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. വിഷ്ണു കാലിഫോര്‍ണിയയിലെ സിഡ്കോ സോഫ്റ്റ്വെയര് കമ്പനി എന്‍ജിനീയറാണ്. കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ. എം.വി.വിശ്വനാഥ്-ഡോ. സി. സുഹാസിനി ദമ്പതികളുടെ മകനാണ് വിഷ്ണു. കോട്ടയം യൂണിയന് ക്ലബിനു സമീപത്തെ രാമമൂര്‍ത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി.