ന്യൂഡല്‍ഹി: രണ്ടുമാസത്തെ കുത്തനെയുള്ള വര്‍ദ്ധനവിന് ശേഷം തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് വിലയിടിവ്.
പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ഡല്‍ഹിയിലെ ഇന്നത്തെ വില്പന വില.
മുംബൈയിലും പെട്രോള്‍ വിലയില്‍ 30 പൈസയാണ് കുറഞ്ഞത്. 86.91 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 28 പൈസ കുറഞ്ഞ് 78.54 രൂപയായി. കഴിഞ്ഞ വ്യാഴാഴ്ചമുതലാണ് ഇന്ധനവില കുറയാന്‍ തുടങ്ങിയത്. അഞ്ചുദിവസംകൊണ്ട് പെട്രോളിന് 1.38 രൂപയും ഡീസലിന് 81 പൈസയുമാണ് കുറഞ്ഞത്.
അതേസമയം, ഡല്‍ഹിയില്‍ ഇന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ പമ്പ് അടച്ച് സമരത്തിലാണ്. അയല്‍സംസ്ഥാനങ്ങളില്‍ സംസ്ഥാന നികുതി കുറച്ചിട്ടും ദില്ലിയില്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.