ധാക്ക ബംഗബന്ധു സ്റ്റേഡിയത്തില്‍ നടക്കുന്ന എട്ടാമത് സാഫ് കപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ മാലി ദ്വീപിനെ നേരിടും. ഇതുവരെ നടന്ന ഒരു മത്സരങ്ങളിലും തോല്‍വിയറിയാത്ത ഇന്ത്യ സാഫ് കപ്പ് 12-ാം പതിപ്പിലെ എട്ടാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീവുമാണ് ലക്ഷ്യമിടുന്നത്. 2008ല്‍ ഇന്ത്യയെ പരാജയപ്പെടുത്തി മാലി ദ്വീപ് കപ്പ് നേടിയിരുന്നു.
ഈ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ശ്രീലങ്കയെയും മാലിദ്വീപിനെയും പരാജയപ്പെടുത്തിയിരുന്നു. സെമി ഫൈനലില്‍ പാക്കിസ്ഥാനെ 3-1നാണ് തകര്‍ത്തത്.
2008ലാണ് മാലിദ്വീപ് ആദ്യമായി ഫൈനലില്‍ എത്തിയത്. ഇന്ത്യയെ ഒറ്റ ഗോളിന് തോല്പിച്ച് കിരീടം സ്വന്തമാക്കി. എന്നാല്‍ 2011ലെ ഫൈനലില്‍ മാലദ്വീപിനെ തോല്പിച്ച് ഇന്ത്യ പകരം വീട്ടി. ഇതുവരേക്കും രണ്ടു തവണ തുടര്‍ച്ചയായി ഇന്ത്യ സാഫ് കപ്പ് നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന ഇന്ത്യ-മാലി പോരാട്ടം ഇരു രാജ്യങ്ങള്‍ക്കും നിര്‍ണായകമാണ്.
അതേസമയം ഇന്നത്തെ മത്സരം ഇന്ത്യ പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പറഞ്ഞു. മാലി ദ്വീപിനെ വില കുറച്ചുകാണുന്നില്ലെന്നും നേപ്പാളിനെതിരേ സെമി ഫൈനലില്‍ ജയിച്ചപ്പോള്‍ മാലദ്വീപ് അവരുടെ വലുപ്പം വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.