103 യാത്രക്കാരുമായി പോയ എയ്റോ മെക്സിക്കോയുടെ വിമാനം മെക്സിക്കോയിലെ ദുരങ്കോയില്‍ തകര്‍ന്നു വീണു. യാത്രക്കാരെല്ലാം ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കത്തിയിറങ്ങിയ വിമാനത്തില്‍ നിന്നും ഓടിയിറങ്ങിയാണ് യാത്രക്കാര്‍ രക്ഷപെട്ടത്. അതേസമയം യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൈലറ്റിന്റെ നില ഗുരുതരമാണ്.
ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മെക്സിക്കോ സിറ്റിയിലേക്കു പോയ എംബ്രെയര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മുഴുവന്‍ യാത്രക്കാരുമായാണ് വിമാനം യാത്ര തിരിച്ചത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ ശക്തമായ കാറ്റില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കനത്ത കാറ്റും ആലിപ്പഴ വീഴ്ചയും ആവാം അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു.