ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന് ജോണ്സണ് ആന്‍ഡ് ജോണ്സണ് അമേരിക്കന്‍ കോടതി മൂപ്പത്തിരണ്ടായിരം കോടി രൂപ പിഴ വിധിച്ചു. ആസ്ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
വ്യക്തിശുചിത്വത്തിന് ഉപയോഗിക്കുന്ന ടാല്‍ക്കം പൗഡറിലെ ആസ്ബറ്റോസിന്റെ സാന്നിധ്യമാണ് ക്യാന്‍സറിന് കാരണമായത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് 470 കോടി ഡോളര്‍ കോടതി പിഴ വിധിച്ചത്. അനുകൂലമായ വിധിയിലൂടെ ജോണ്സണ് ആന്‍ഡ് ജോണ്സണ് തങ്ങളുടെ പൗഡര്‍ ഉപയോഗിച്ചാല്‍ ഉണ്ടായേക്കാവുന്ന ദൂഷ്യവശങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരാതിക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോണ്സണ് ആന്‍ഡ് ജോണ്സണ് നിഷേധിച്ചു. അതോടൊപ്പം ആസ്ബറ്റോസ് കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തല്‍ തെറ്റാണെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു. നേരത്തെയും ജോണ്സണ് ആന്‍ഡ് ജോണ്സണ് എതിരെ ഇത്തരത്തില്‍ കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് കമ്പനിയുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു.