മോസ്കോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്ലാന്റിനോട് സമനില വഴങ്ങിയതിന് പിന്നാലെ അര്‍ജന്റീനന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ സാംപോളി കടുത്ത തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് സൂചന. ചില വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് അര്‍ജന്റീനന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇവാന് റാക്കിട്ടിച്ചും ലൂക്ക മോഡ്രിച്ചും നയിക്കുന്ന ക്രൊയേഷ്യയുമായി വ്യാഴാഴ്ചയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ഐസ്ലാന്റിനെതിരെ കളിച്ച കളി കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് അര്‍ജന്റീന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ടീമില്‍ അഴിച്ചുപണി ഉറപ്പെന്നാണ് അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമാറ്റം ഏയ്ഞ്ചല്‍ ഡി മരിയക്ക് പകരം ക്രിസ്റ്റ്യന്‍ പാവോണ് ഇലവനില്‍ എത്തുന്നതായിരിക്കും.
ഗബ്രിയേല്‍ മെര്‍ക്കാഡോയ്ക്ക് പകരം എഡ്വാര്‍ഡോ സാല്‍വിയോ, ലൂക്കാസ് ബിഗ്ലിയക്ക് പകരം ലോ സെല്‍സോ, എന്നിവരും ടീമിലെത്തും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ മഷറാനോയ്ക്കൊപ്പം ലോ സെല്‍സോ വരുന്നതോടെ കളിയുടെ ഒഴുക്ക് കൂടുമെന്നാണ് കോച്ച് സാംപോളിയുടെ പ്രതീക്ഷ. സ്ട്രൈക്കറായി സെര്‍ജിയോ അഗ്യൂറോ തുടരും. ഗൊണ്‍സാലോ ഹിഗ്വയ്ന് പകരക്കാരനായി ഇറങ്ങും. ഗോള്‍കീപ്പറായി വില്ലി കബെല്ലറോയും ആദ്യപതിനൊന്നില്‍ തുടരും. നൈജീരിയയാണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ അവസാന എതിരാളികള്‍.