ചെന്നൈ: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ ഭര്‍ത്താവ് എം. നടരാജന് അന്തരിച്ചു. 76 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കടുത്ത നെഞ്ചുവേദന അനുഭവപ്പട്ടതിനെതുടര്ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് നടരാജനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കരള്‍, വൃക്ക മാറ്റവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു. ഏറെകാലം പൊതുരംഗത്ത് സജീവമല്ലാതിരുന്ന നടരാജന് ജയലളിതയുടെ മരണത്തിന് ശേഷം പൊതുരംഗത്ത് എത്തിയിരുന്നു.
അതേസമയം ഭര്‍ത്താവിന്റെ മരണത്തേതുടര്ന്ന് അഴിമതി കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാഡിഎംകെ വിമതനേതാവ് വികെ ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷ നല്‍കിയത്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്. ഒക്ടോബറില്‍ നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശശികലയ്ക്ക് അഞ്ചുദിവസം പരോള്‍ അനുവദിച്ചിരുന്നു.