ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തിലും മിന്നുന്ന വിജയവുമായി ടീം ഇന്ത്യ. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 204 റണ്‍സുമായി മടങ്ങിയപ്പോള്‍ 18 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. നായകന് വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി ഇന്ത്യയുടെ വിജയം അനായാസമാക്കി. ഭുവനേശ്വര്‍ കുമാറിന്റെ പകരക്കാരനായി ടീമിലെത്തിയ താക്കൂര്‍ നാല് വിക്കറ്റ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.
18 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പടെ 18 റണ്‍സ് എടുത്ത് ധവാനും 13 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ ഉള്‍പ്പടെ 15 റണ്‍സ് എടുത്ത് രോഹിത് ശര്‍മ്മയും പുറത്തായി. എന്നാല്‍ പിന്നീട് നായകന് വിരാട് കോലിയും അജിങ്ക്യ രഹാനെയും പിടിച്ചുനിന്നു. റമ്#സെടുക്കുന്നതില്‍ ഇരുവരും സ്ഥിരത പുലര്‍ത്തി. വിരാട് കോലി തകര്‍ത്ത് മുന്നേറിയപ്പോള്‍ അജിങ്ക്യ മികച്ച പിന്തുണ നല്‍കുകയായിരുന്നു. 96 പന്തില്‍ നിന്ന് രണ്ട് സിക്സറും 19 ഫോറും ഉള്‍പ്പടെ 129 റണ്‍സ് എടുത്ത് കോലി പുറത്താകാതെ നിന്നു. അജിങ്ക്യ രഹാനെയും പുറത്താകാതെ 50 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകള്‍ ഉള്‍പ്പടെ 34 റണ്‍സ് സ്വന്തമാക്കി. ടോസ് നേടിയ ടീം ഇന്ത്യയുടെ നായകന് വിരാട് കോലി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.