കൊച്ചി ; കുട്ടികളെ തട്ടിക്കൊണ്ടുപോയതായി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. പറവൂര്‍ ജാരപ്പടി ഭാഗത്തുവച്ച് തന്റെ ഓട്ടോറിക്ഷയില്‍ ഇരുചക്ര വാഹനം ഇടിച്ചെന്നും വാഹനം ഓടിച്ചയാളുടെ ജാക്കറ്റില്‍ നിന്നും രണ്ടുവയസുള്ള കുട്ടി തെറിച്ചുവീണത് കണ്ടെന്നുമണ് ഓട്ടോ ഡ്രൈവറായ അബൂബക്കര്‍ പ്രചരിപ്പിച്ചത്.
വണ്ടി നിര്‍ത്തിയപ്പോഴേക്കും കുട്ടിയുടെ മാതാപിതാക്കള്‍ എത്തി കുട്ടികളെ എടുത്തുകൊണ്ടുപോയതായും അബൂബക്കര്‍ പ്രചരിപ്പിച്ചു. ഈ വ്യാജ വാര്‍ത്ത പിന്നീട് വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഷിബു കൈമാറുകയായിരുന്നു. ആലുവ സിഐ ക്കും സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.
നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും വ്യാജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ആലുവ റൂറല്‍ എസ്പി പറഞ്ഞു.