ദില്ലി: ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ബിസിസിഐക്ക് നോട്ടീസയച്ചു. ഇതോടൊപ്പം ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കോടതി നോട്ടീസയച്ചിട്ടുണ്ട്.
നാലാഴ്ചയ്ക്കകം ഹര്‍ജിയില്‍ മറുപടി നല്കാന് കോടതി നിര്‍ദേശിച്ചു.
ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിക്കെതിരെയാണ് സുപ്രിം കോടതിയിലെ ശ്രീശാന്തിന്റെ ഹര്‍ജി. ശ്രീശാന്ത് രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്കാന് ശേഷിയുള്ള താരമാണെന്നും വിലക്ക് ഏകപക്ഷീയമാണെന്നും ശ്രീശാന്തിന് വേണ്ടി ഹാജരായ സല്മാന് ഖുര്‍ഷിദ് വാദിച്ചു. 35 വയസുള്ള ശ്രീശാന്തിന് തുടര്‍ന്ന് കളിക്കാനുള്ള സമയം നഷ്ടമാകാതിരിക്കാന്‍ കോടതി വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് അഭിഭാഷകന് വാദിച്ചു. കോടതി നടപടികളില്‍ പ്രതീക്ഷ ഉണ്ടെന്നും രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.
അതേസമയം ശ്രീശാന്ത് ഒത്തുകളിച്ചതിന് തെളിവുണ്ടെന്നും വിലക്ക് നീക്കാന്‍ കഴിയില്ലെന്നും ബിസിസിഐ കോടതിയെ അറിയിച്ചു. കോടതിയെ അല്ല, അച്ചടക്ക സമിതിയെ ആണ് ശ്രീശാന്ത് സമീപിക്കേണ്ടത് എന്നും ബിസിസിഐ അഭിഭാഷകന് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കാനുള്ള ശ്രീശാന്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.