കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ഹൈക്കോടതിയുടേത് യുക്തിരഹിതമായ തീരുമാനമാണെന്നും കോടതി വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.18 വയസ് തികഞ്ഞ, വോട്ടവകാശമുള്ള പൗരന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാസ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശങ്ങളും നിഷേധിക്കുന്നത് പരിധിവിട്ടുളള ജുഡീഷ്യല്‍ ആക്ടിവിസമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കോടതിവിധിയെ മറികടക്കാനുളള നിയമനിര്‍മ്മാണം അനിവാര്യമാണ്. തങ്ങളുടെ മുന്നിലെത്തുന്ന എല്ലാത്തിന്റെയും പരമാധികാരി തങ്ങള്‍ തന്നെയാണെന്ന് ജുഡീഷ്യറിയോ എക്സിക്യുട്ടീവോ ലെജിസ്ലേച്ചറോ കരുതരുത്. യാന്ത്രികമായ വ്യാഖ്യാനങ്ങള്‍ നല്കി വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കരുത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയം കളമൊഴിഞ്ഞ കാമ്പസുകള്‍ മയക്കുമരുന്നു മാഫിയ, ക്രിമിനല്‍ സംഘങ്ങള്‍, ജാതിമത വര്‍ഗീയ സംഘങ്ങള്‍, അരാജകവാദികള് എന്നിങ്ങനെ പലവിധത്തിലുളള സാമൂഹ്യവിരുദ്ധ ശക്തികളുടെ പിടിയിലമര്‍ന്ന കാഴ്ച നമ്മുടെ കണ്മുന്നിലുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. കാമ്പസുകളുടെ സര്‍ഗാത്മക വസന്തമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം. അത് തല്ലിക്കൊഴിക്കാന്‍ ആര്‍ക്കും അധികാരമില്ല. ആരെയും അനുവദിക്കുകയുമില്ല. സ്പീക്കര്‍ വ്യക്തമാക്കി.