ചങ്ങനാശ്ശേരി: ശബരിമല പ്രശ്നത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കിടയില്‍ ജാതി തിരിവുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എന്‍എസ്എസ്.
സവര്‍ണനെന്നും അവര്‍ണനെന്നും ജാതീയ വേര്‍തിരിവുണ്ടാക്കുന്നു. രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. യുവതീപ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ലെന്നും എന്‍എസ്എസിന്റെ വാര്‍ത്താകുറുപ്പില്‍ പറയുന്നു.
നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശനവുമായി എന്തു ബന്ധമാണുള്ളതെന്ന് എന്‍എസ്എസ് ചോദിക്കുന്നു. അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത് ആചാരാനുഷ്ഠാനങ്ങളുടേയും ഈശ്വരവിശ്വാസത്തിന്റേയും പ്രശ്നമാണ്. നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല.
ഈ വസ്തുത തിരിച്ചറിഞ്ഞ് കേസ് ഉത്ഭവിച്ചപ്പോള്‍ തന്നെ ആ വക കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ, അതിന് അനുകൂല സത്യവാങ്മൂലം നല്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പോലും ബന്ദിയാക്കി നിര്‍ത്തി, ചോദിച്ചുവാങ്ങിയ ഈ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ആ സംഗമവും എന്നു പറഞ്ഞാല്‍ തെറ്റുണ്ടോ? സര്‍ക്കാര്‍ എത്രതന്നെ ശ്രമിച്ചാലും, ഈശ്വരവിശ്വാസികള്‍ക്കിടയില്‍ സവര്‍ണ്ണ, അവര്‍ണ്ണ ചേരിതിരിവോ ജാതിസ്പര്‍ദ്ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തില്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി എന്ന് പറയാതെ വയ്യ എന്നും എന്‍എസ്എസ് വാര്‍ത്താകുറുപ്പില്‍ പറഞ്ഞു.