ഐ ലീഗിന്റെ പുതിയ സീസണില്‍ ഗോകുലം കേരള എഫ്സിക്ക് സമനിലത്തുടക്കം. കരുത്തരായ മോഹന്‍ ബഗാനെതിരെ ശക്തമായ ആക്രമണം നടത്തിയ ഗോകുലം എഫ്സി 40ാം മിനിറ്റിലാണ് ഗോള്‍ വഴങ്ങിയത്. മുന്‍ ഗോകുലം താരം കൂടിയായ ഹെന്റി കിസേക്കയിലൂടെ ലീഡ് നേടിയ ബഗാന് 71ാം മിനിറ്റില്‍ തിരിച്ചടി നേരിട്ടു. ബഗാന്റെ ലാല്ചാവുങ്കിമ വഴങ്ങിയ സെല്‍ഫ് ഗോളാണ് വിനയായത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു.
മോഹന്‍ ബഗാനെതിരെയുളള ഗോകുലത്തിന്റെ തിരിച്ചടി ശ്രമങ്ങള്‍ പാളുന്നതിനിടെയാണ് സെല്‍ഫ് ഗോള്‍ അനുഗ്രഹമായെത്തിയത്. ഗോകുലം താരം അര്ജുന് ജയരാജിന്റെ ഷോട്ട് തടയാനുള്ള ശ്രമത്തില്‍ ലാല്ചാവുങ്കിമ പന്ത് സ്വന്തം വലയിലെത്തിക്കുകയായിരുന്നു.