Latest News

കൊച്ചിയെ മഞ്ഞക്കടലാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; സ്വന്തം തട്ടകത്തില്‍ എതിരിടുന്നത് മുംബൈ സിറ്റിയെ

കഴിഞ്ഞ സീസണില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളുടെ പിന്‍ബലത്തിലാണ് ഐഎസ്എല്‍ അഞ്ചാം സീസണില്‍ കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കച്ചമുറുക്കുന്നത്. പുതിയ സീസണില്‍ സ്വന്തം തട്ടകത്തിലെ കന്നിയങ്കത്തിന് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുമ്പോള്‍ കൊച്ചിയൊരു ഒന്നൊന്നര മഞ്ഞക്കടലാകുമെന്ന കാര്യം ഉറപ്പ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരായി നേടിയ ഉജ്ജവല വിജയത്തിന്റെ ആത്മവിശ്വാസം ആവോളമുണ്ട് താരങ്ങള്‍ക്കും ആരാധകര്‍ക്കും. മുംബൈ സിറ്റിയെ ഹോം ഗ്രൗണ്ടില്‍ വച്ച് തറപറ്റിക്കാനാകുമെന്നു തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.

കൊച്ചി ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ ഇതുവരെ ഒരുമത്സരം പോലും വിജയിച്ചിട്ടില്ലാത്ത മുംബൈയ്ക്ക് വിജയത്തില്‍ കവിഞ്ഞ് മറ്റൊന്നും മുന്നിലില്ല. ജംഷഡ്പൂരിനോട് സ്വന്തം ഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മാറ്റുന്നതിനും ജയം അനിവാര്യമാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ആരാധകരെ നിരാശരാക്കി മടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഹോംമാച്ചില്‍ വിജയം കണ്ടെത്താനായാല്‍ പഴയ ആവേശം തിരിച്ചുവരുമെന്ന് ഉറപ്പ്. പുതിയ സീസണിലെ ആദ്യമത്സരത്തില്‍ വിജയം കണ്ടെത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇന്ന് കളിക്കാനിറങ്ങുന്നത്.

പ്രളയദുരിതത്തിലായ കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതില്‍ അഹോരാത്രം പ്രയത്നിച്ച മത്സ്യത്തൊഴിലാളികളോടുള്ള ആദരം പ്രകടമാക്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്രത്യേക ജേഴ്സിയണിഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നത്. ധീരമായ രക്ഷാപ്രവര്‍ത്തനം കാഴ്ച്ചവച്ച സൈനികരുടെ ചിത്രങ്ങളും ജഴ്‌സിയില്‍ ഉണ്ടാകും. അതുകൊണ്ട്തന്നെ വീര്യം തുളുമ്പുന്ന ആര്‍പ്പുവിളികളുമായി കൊച്ചി ജവഹര്‍ലാല്‍ സ്റ്റേഡിയം മുഖരിതമാകുമെന്ന് തീര്‍ച്ച.

ഡേവിഡ് ജയിംസിന്റെ പരിശീലനത്തില്‍ യുവത്വം നിറഞ്ഞ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് ഇക്കുറി പോരിനിറക്കുന്നത്. മൂന്നുപേര്‍ മാത്രമാണ് 30 കടന്നവര്‍. കോല്‍ക്കത്തക്കെതിരെ 4-1-4-1 ശൈലിയില്‍ മധ്യനിരക്ക് മുന്‍തൂക്കം കൊടുത്താണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജയിംസ് ടീമിനെ കളത്തില്‍ വിന്യസിച്ചത്. ഇന്ന് മുംബൈ സിറ്റിക്കെതിരെയും ഈ ശൈലി പുറത്തെടുക്കാനാണ് സാധ്യത. യുവാക്കളുടെ മികച്ച നിരയാണ് ടീമിന്റെ ശക്തിയെന്ന് മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top