കോഴിക്കോട് താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ കനത്ത മഴയേത്തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചില്‍ പുനഃരാരംഭിച്ചത്. രണ്ട് കുടുംബങ്ങളിലുളളവരെയാണ് ഇനി കണ്ടെത്താനുളളത്. ഏഴോളം പേരെ കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇതിനിടെ തെരച്ചിലില്‍ ഒരാളുടെ ശരീരഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടെ കാലിന്റെ ഭാഗമാണ് ലഭിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴ് പേരാണ് മരിച്ചത്. അരകിലോമീറ്ററോളം പ്രദേശം നിലംപരിശാക്കിയ ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ത്തു. നിലവില്‍ ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മൂന്ന് കുട്ടികളടക്കം ഏഴ് പേരാണ് ഉരുള്‍പൊട്ടലില്‍ ഇതുവരേക്കും മരിച്ചത്.
അതേസമയം ദുരിത ബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാമ്പുകള്‍ തുറന്നു. 248 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ ഉള്ളത്. വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കളക്ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്: 1077