Latest News

നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനുമുള്ള സൗകര്യം ഒരുക്കണമെന്ന് നേപ്പാള്‍

നരേന്ദ്രമോഡിയും നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയും

നിരോധിച്ച ഇന്ത്യന്‍ കറന്‍സിനോട്ടുകള്‍ മാറ്റിവാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള സൗകര്യം നേപ്പാളിലും ഒരുക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി ആവശ്യപ്പെട്ടു.

നേപ്പാള്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന നിരോധിച്ച നോട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതിനായി അടിയന്തിര പ്രാധാന്യം നല്‍കി മാറ്റിനല്‍കാനുള്ള നടപടികള്‍ ഇന്ത്യന്‍ഗവണ്‍മെന്റ് കൈക്കൊള്ളണമെന്നാണ് ആവശ്യം.

നേപ്പാള്‍ നാഷണല്‍ ബാങ്ക്, നേപ്പാള്‍ രാഷ്ട്ര ബാങ്ക് എന്നിവയുടെ കണക്കനുസരിച്ച് പിന്‍വലിച്ച 1000, 500 രൂപ നോട്ടുകളായി ഏകദേശം 33.6 മില്യണ്‍ രൂപ നേപ്പാളിലെ ബാങ്കിംഗ് ചാനലുകളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേപ്പാളി ജനങ്ങളുടെ കൈവശമുള്ളതും ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നതുമായ നിരോധിച്ച നോട്ടുകളുടെ വിനിമയത്തിനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഒരുക്കിത്തരണമെന്ന് മോഡിജിയോട് അഭ്യര്‍ഥിച്ചതായി ഒലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇരുവരുടേയും കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്തമായാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

കച്ചവടത്തിനായി ഇന്ത്യയെ കൂടുതല്‍ ആശ്രയിക്കുന്ന  രാജ്യമാണ് നേപ്പാള്‍. ദൈനംദിന ആവശ്യങ്ങള്‍ക്കായി പ്രധാനമായും ഇന്ത്യന്‍ രൂപയാണ് അവര്‍ വിനിമയത്തിനായി ഉപയോഗിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങശില്‍ പ്രത്യേകിച്ചും. കൂടാതെ ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാളി പൗരന്മാര്‍ അവരുടെ കുടുംബങ്ങളിലേക്ക് അയച്ചുകൊടുത്തിരുന്നതും ഇന്ത്യന്‍ രൂപയാണ്. അതുകൊണ്ടുതന്നെ 2016 നവംബര്‍ എട്ടിലെ പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം സ്വഭാവികമായും നേപ്പാളിനേയും ബാധിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ നേപ്പാളിന് നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും പ്രഖ്യാപിച്ചിരുന്നു.

കര്‍ണാടകയിലെ കൊണ്ടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനമാണ് ദ്വിദിന സന്ദര്‍ശനത്തിനായി മോഡി നേപ്പാളിലെത്തിയത്. മോഡിയും ഒലിയും ചേര്‍ന്ന് ജനക്പൂര്‍-അയോധ്യ ബസ് സര്‍വീസ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.

നേപ്പാളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ തന്റെ സന്ദര്‍ശനത്തിന് സാധിച്ചുവെന്ന് മോഡി പറഞ്ഞു.

ഇന്ന് രാവിലെ മോഡി മുഖ്തിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പശുപതിനാഥ് ക്ഷേത്രവും മോഡി ഇന്ന് സന്ദര്‍ശിക്കും. തുടര്‍ന്ന് നേപ്പാളിലെ വിവിധ രാഷ്ട്രീയ നേതാക്കളുമായി മോഡി ചര്‍ച്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top