Home app

ആദ്യനാലിലെത്താന്‍ പുതിയ മുഖവുമായി ബ്ലാസ്റ്റേഴ്‌സ്

 

ബ്ലാസ്റ്റേഴ്‌സിനിത് ജീവന്മരണ പോരാട്ടമാണ്. ആദ്യനാലിലെത്തുക എന്നത് തീരുമാനിച്ചുറപ്പിച്ചാണ് പതിനാലാമത് മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് വെള്ളിയാഴ്ച പൂണെയിലെത്തുന്നത്. വൈകീട്ട് എട്ടിന് ശ്രീ ശിവഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം നടക്കുക. നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും 17 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സിന് പൂണെയോട് ജയിക്കാനായാല്‍ പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാനാകും.

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ പുള്‍ഗ മധ്യനിരയില്‍ തിരിച്ചെത്തുന്നുവെന്നതും പരിക്കേറ്റ ബെര്‍ബറ്റോവ് പൂണെക്കെതിരെ കലത്തിലിറങ്ങുമെന്നതും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാണ്. ഒപ്പം മുന്നേറ്റനിരയിലെ ഗുഡ്‌ജോണ്‍ ബാള്‍ഡ്വിന്‍സന്റെ സാന്നിധ്യവും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം മികവുറ്റതാക്കും. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ച വെച്ച ദീപേന്ദ്ര നേഗിയെ ഡേവിഡ് ജെയിംസ് എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതാവും കളിയുടെ ഗതി നിര്‍ണയിക്കുക. ഏറെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പൂണെയില്‍ ആരാധകര്‍ നല്‍കുന്ന പിന്തുണയും ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വാസം പകരും

എന്നാല്‍ പൂണെയ്‌ക്കെതിരെ ഏറെ വിയര്‍ക്കേണ്ടി വരിക ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര തന്നെയാവും. പൂണെ മുന്നേറ്റനിരയിലെ മാര്‍സലീഞ്ഞ്യോ-അല്‍ഫാരോ- കീന്‍ ലൂയിസ് കൂട്ടുകെട്ടിനെ പിടിച്ചുകെട്ടാന്‍ ജിങ്കാനും കൂട്ടരും പതിനെട്ടടവും പയറ്റേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല. ഇവരുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടുക എന്നതുതന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പ്രധാന ജോലി. കളി സ്വന്തം തട്ടകത്തിലാണെന്നത് അവരെ ഏറെ അപകടകാരികളാക്കും. പൂണെ മുന്നേറ്റത്തിലെ ഈ കൂട്ടുകെട്ടിനെ എത്രത്തോളം പ്രതിരോധിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി. കണക്കിലും കടലാസിലും പൂണെയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മുന്നിലാണെങ്കിലും കളത്തില്‍ ആര് എന്നത് കണ്ടറിയുക തന്നെ വേണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top