ഡല്‍ഹി: രാജ്യസഭയിലും പ്രതീക്ഷിച്ചതിലും നേരത്തെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപി. രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുന്നതോടെ കേന്ദ്രത്തില്‍ നരേന്ദ്രമോദി സമ്പൂര്‍ണ ആധിപത്യമാണ് ലക്ഷ്യം വെക്കുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയാല്‍ രാജ്യസഭയിലും അടുത്തവര്‍ഷം എന്‍ഡിഎക്ക് മേധാവിത്തം ലഭിക്കും. നിലവില്‍ ആകെ അംഗസംഖ്യ 240. എന്‍ഡിഎ- 114, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഐക്യപ്രതിപക്ഷം- 108. മറ്റുള്ളവര്‍ക്ക്- 18 എന്നിങ്ങനെയാണ് കക്ഷിനില. 121 പേരുടെ പിന്തുണയുണ്ടെങ്കില്‍ ഭൂരിപക്ഷമുറപ്പിക്കാം.
ചില പാര്‍ട്ടികളിലെ എംപിമാരെ കൂറുമാറ്റത്തിലൂടെ ഒപ്പം കൊണ്ടു വന്ന ബിജെപി അംഗ സംഖ്യ 78 ആയി ഉയര്‍ത്തി. കോണ്‍ഗ്രസിന്റേത് 48 ആയി ഇടിഞ്ഞു. ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കായി 15 എംപിമാരുണ്ട്. അതായത് എന്‍ഡിഎയുടെ 114ന് ഒപ്പം ഇതില്‍ രണ്ടു പാര്‍ട്ടികളെയെങ്കിലും ഒപ്പം നിറുത്തിയാല്‍ ഭൂരിപക്ഷമാകും. കേവലഭൂരിപക്ഷം മാത്രം ആവശ്യമായ എല്ലാ ബില്ലുകളും അനായാസം സര്‍ക്കാരിന് പാസാക്കാം.