ബാരബങ്കി: ബസ് യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന് ഭര്‍ത്താവ് മരിച്ചു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഭാര്യയെ മൃതദേഹത്തിനൊപ്പം പാതിവഴിയില്‍ ഇറക്കിവിട്ടു. ഉത്തര്‍പ്രദേശിലെ ബാരബാങ്കി രാംനഗറിലാണ് സംഭവം.
ബഹ്റായിചില്‍ നിന്നും ലക്നൗവിലേക്ക് ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് യാത്രക്കാരന് മരിക്കുന്നത്. ഉടന്‍തന്നെ ബസ് നിര്‍ത്തിയ കണ്ടക്ടര്‍ മൃതദേഹവുമായി ബസില്‍ നിന്നിറങ്ങാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. യാത്ര ചെയ്തതിന്റെ തെളിവു നശിപ്പിക്കാന്‍ യാത്രയ്ക്കായി എടുത്തിരുന്ന ടിക്കറ്റും ഇവരില്‍ നിന്ന് തട്ടിപ്പറിച്ചെടുത്ത് കീറിക്കളഞ്ഞു.
ബഹളത്തിനിടെ പ്രദേശത്ത് തടിച്ചുകൂടിയ ആളുകള്‍ ബസിന്റെ നമ്പര്‍ രേഖപ്പെടുത്തി. യു.പി 40ടി 5510 നമ്പറാണ് ഈ ക്രൂരത കാട്ടിയതെന്ന് ഇവര്‍ പറയുന്നു. ഭാര്യ ഡിപ്പോ മേധാവിക്ക് പരാതി നല്കി.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിപ്പോ ഇന്‍ ചാര്‍ജ് മനോജ് കുമാര്‍ പറഞ്ഞു.