വരാപ്പുഴ: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തെ തുടര്‍ന്നുള്ള വകുപ്പ് തല നടപടികളില്‍ നിന്ന് ഡി.ഐ.ജി എ.വി. ജോര്‍ജിനെ ഒഴിവാക്കി. കൊലപാതകത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡി.ജി.പിയുടെ ക്ലീന്‍ ചിറ്റ്. അതേസമയം കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.
എ.വി. ജോര്‍ജ് എറണാകുളം റൂറല്‍ എസ്. പിയായിരിക്കെ രൂപികരിച്ച പ്രത്യേക സ്ക്വാഡ് ശ്രീജിത്തിനെ ആളുമാറി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സ്ക്വാഡ് രൂപീകരിച്ചത് നിയമ വിരുദ്ധമായിട്ടാണെന്നും കൊലയില്‍ ജോര്‍ജിനും അറിവുണ്ടെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം. ആരോപണങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ എല്ലാ വകുപ്പ് തല അന്വേഷണവും നടപടികളും ഒഴിവാക്കിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.