ഭോപ്പാല്‍: മധ്യപ്രദേശില്‍ പബ്ജി ഗെയിം കളിക്കുന്നതിനിടെ 16കാരന് മരിച്ചു. 12ാം ക്ലാസുകാരനായ ഫുര്‍ഖാന്‍ ഖുറേഷി ആണ് മരിച്ചത്. ഭോപ്പാലില്‍ മുത്തച്ഛന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഫുര്‍ഖാന്‍. ആറ് മണിക്കൂറോളം തുടര്‍ച്ചയായി ഗെയിം കളിച്ച കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ഗെയിം തോറ്റതിന്റെ നിരാശയില്‍ ഖുറേഷി വിളിച്ച കൂവിയതായി വീട്ടുകാര്‍ പറഞ്ഞു.
സഹോദരിയായ ഫിസയും ഖുറേഷിയുടെ കൂടെ മുറിയില്‍ ഉണ്ടായിരുന്നു.മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് പിതാവ് ഹാറൂണ്‍ റാഷിദ് ഖുറേഷി പറഞ്ഞു. ‘ഫിസ വിളിച്ചു കൂവിയതിനെ തുടര്‍ന്ന് ഞങ്ങള്‍ പോയി നോക്കുമ്പോള്‍ അവന് അനക്കമില്ലാതെ കിടക്കയില്‍ കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവന് മരിച്ചിരുന്നു,’ പിതാവ് പറഞ്ഞു.