തൃശൂര്‍: പൂരം വിളംബരം ചെയ്ത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളിത്തുറന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന് തെക്കേഗോപുരനട തുറന്നതോടെ ഈ വര്‍ഷത്തെ തൃശൂര്‍പൂരത്തിന് തുടക്കമായി. നാളെയാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം.
ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാന്‍ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വടക്കും നാഥ ക്ഷേത്രത്തിലെത്തി തെക്കോട്ടിറക്ക ചടങ്ങ് നടത്തിയത്.
നെയ്തലക്കാവില്‍ നിന്ന് തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിയെത്തുന്ന പതിവിന് വിപരീതമായാണ് ഇത്തവണ ചടങ്ങുകള്‍ നടന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ലോറിയിലാണ് തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചത്. നെയ്തലക്കാവില്‍ നിന്ന് തിടമ്പുമായി ദേവീ ദാസനെന്ന ആന തേക്കിന്‍കാട് മൈതാനത്തെത്തുകയും മണികണ്ഠനാല്‍ പരിസരത്തു നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൈമാറുകയും ചെയ്തു.
തുടര്‍ന്ന് വടക്കുംനാഥനെ വലംവച്ച് അനുവാദം വാങ്ങുന്ന ആചാരത്തിന് ശേഷം തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പുറത്തെത്തി. ഇതോടെ 36 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന തൃശൂര്‍ പൂരത്തിനും തുടക്കമായി.