Latest News

തോല്‍പ്പാവകൂത്തിന്റെ വിസ്മയ കാഴ്ച

ജോര്‍ജ് മാത്യു

തോല്‍പ്പാവ കൂത്തിന്റെ തിരശ്ശീലയ്ക്കു പിന്നില്‍ പാവകളെ കൈയ്യിലെടുത്ത് ദീപവെളിച്ചത്തിന്റെ മുന്നില്‍ പിടിച്ച് ചലിപ്പിക്കുമ്പോള്‍ കുട്ടികളുടെ കണ്ണുകളില്‍ വിസ്മയവും സന്തോഷവും നിറഞ്ഞു.

കൊച്ചി നഗരമധ്യേ കൃതി പുസ്തകോത്സവത്തില്‍ പാലക്കാട് രാമചന്ദ്ര പുലവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗാന്ധി ചരിതം തോല്‍പ്പാവക്കൂത്ത് പരിപാടിക്ക് ശേഷമാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തോല്‍പ്പാവ കൂത്തിന്റെ അണിയറ കാണാന്‍ അവസരം ലഭിച്ചത്.

അണിയറയില്‍ കുട്ടികള്‍ തോല്‍പ്പാവക്കൂത്ത് പരിചയിക്കുന്നു

തോല്‍പ്പാവ കൂത്തിന്റെ അവതരണത്തിന് ശേഷം രാമചന്ദ്ര പുലവര്‍ തന്നെയാണ് വെളിച്ചവും തോല്‍പ്പാവയും ഇഴചേരുന്ന വൈവിധ്യമാര്‍ന്ന പാവക്കൂത്തിന്റെ അണിയറ രഹസ്യങ്ങള്‍ കണ്ടറിയാന്‍ കാണികളെ ക്ഷണിച്ചത്.

കാളത്തോലിന്റെയും ആട്ടിന്‍ തോലിന്റെയും വ്യത്യസ്തമായ രൂപങ്ങളില്‍ രൂപപ്പെടുത്തിയ ചലിക്കുന്ന പാവകള്‍ കുട്ടികള്‍ക്ക് വിസ്മയ കാഴ്ചയായിരുന്നു. വെളിച്ചെണ്ണ ദീപങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് ഈ നിഴല്‍ നാടകത്തിന്റെ ഇന്ദ്രജാലം അവര്‍ നേരിട്ട് കണ്ടറിഞ്ഞു. ചിലര്‍ തോല്‍പ്പാവയെടുത്ത് മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് ചാരിതാര്‍ഥ്യമടഞ്ഞു.

തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്ന ചുരുക്കം ചില സംഘങ്ങള്‍ മാത്രമാണ് ഇന്ന് കേരളത്തിലുള്ളത്. അതില്‍ത്തന്നെ തനത് ശൈലി ഇപ്പോഴും പിന്തുടരുന്നതില്‍ തോല്‍പ്പാവകൂത്ത് ഗ്രൂപ്പിന്റെ സാരഥി രാമചന്ദ്ര പുലവര്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നു.

” ഇന്നത്തെ ആധുനിക സിനിമയുടെ നൂറ്റാണ്ട് പഴക്കമുള്ള നാടന്‍ കലാരൂപമാണ് തോല്‍പ്പാവ കൂത്ത്. അരണ്ട വെളിച്ചത്തില്‍ തോല്‍പ്പാവകള്‍ സര്‍ഗാത്മകമായി ചലിപ്പിച്ച് കഥ പറയുന്ന രീതിയായിരുന്നു അമ്പലങ്ങളില്‍ അവതരിപ്പിച്ച് വന്നിരുന്നത്. ” രാമചന്ദ്ര പറഞ്ഞു.

രാമചന്ദ്ര പുലവര്‍

പതിനെട്ടാം നൂറ്റാണ്ടില്‍ ഉരുത്തിരിഞ്ഞു വന്ന തോല്‍പ്പാവ കൂത്തിന്റെ ജന്മദേശം എവിടെയാണെന്ന് വ്യക്തമല്ല. ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങളില്‍ തോല്‍പ്പാവക്കൂത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്നു.

പാലക്കാട്, തൃശൂര്‍, മലപ്പുറം ഭാഗങ്ങളിലെ ഭദ്രകാളി അമ്പലങ്ങളിലാണ് തോല്‍പ്പാവക്കൂത്ത് പ്രധാനമായും അവതരിപ്പിക്കുന്നത്. കമ്പരാമായണത്തിലെ കഥാപാത്രങ്ങളാണ് തോല്‍പ്പാവക്കൂത്തിലെ കഥാപാത്രങ്ങളായിരുന്നത്. നിഴലും വെളിച്ചവും ഇടകലര്‍ന്ന വെളിച്ചെണ്ണ വിളക്കുകള്‍ക്ക് മുന്നില്‍ പാവകളെ ചലിപ്പിച്ച് അവതരിപ്പിച്ചിരുന്ന ഈ ദൃശ്യ വിസ്മയത്തിന് ചടുലമായ കരവിരുതും ഭാവനാ സമ്പന്നതയും ഒഴിച്ച് കൂടാനാവില്ല.

” നൂറു വര്‍ഷം വരെ ആയുസ്സുള്ള തോല്‍പ്പാവകള്‍ ഞങ്ങളുടെ കൈവശമുണ്ട്. തോലില്‍ ചായം തേച്ച്, ദ്വാരമുണ്ടാക്കി നിര്‍മിക്കുന്ന ഈ പാവകള്‍ക്ക് 80 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ” രാമചന്ദ്ര പുലവര്‍ പറഞ്ഞു.

തോല്‍പ്പാവക്കൂത്ത് നടത്തുന്ന പ്രധാന കലാകാരനെ പുലവര്‍ എന്ന പേരിലാണ് ആദരപൂര്‍വം വിളിക്കുന്നത്. മലയാളവും തമിഴും ഇടകലര്‍ത്തിയുള്ള സംഗീത സംഭാഷണ ശൈലിയാണ് മുമ്പ് തോല്‍പ്പാവ കൂത്തില്‍ ആവിഷ്‌കരിച്ചിരുന്നത്. കാലം മാറിയതോടെ വിവരണങ്ങളൊക്കെ പച്ച മലയാളത്തിലായി.

കമ്പ രാമായണം അവതരിപ്പിക്കുമ്പോള്‍ ഏതാണ്ട് 160 പാവകള്‍ ഉപയോഗിക്കാറുണ്ട്. 71 കഥാപാത്രങ്ങള്‍ കഥ പറയാന്‍ തുണിശീലയില്‍ പ്രതിഫലിക്കും. – രാമചന്ദ്ര വിശദീകരിച്ചു.

അണിയറയിലെ കലാകാരന്മാര്‍

തുണിശീലക്കു പിന്നില്‍ 21 ചിരട്ട വിളക്കുകളാണ് കത്തിച്ച് വെക്കുന്നത്. ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില, കുറുംകുഴല്‍, ശംഖ് എന്നീ വാദ്യോപകരണങ്ങളാണ് പരമ്പരാഗതമായി തോല്‍പ്പാവകൂത്തില്‍ അകമ്പടിയായി ഉപയോഗിക്കുന്നത്.

” പരമ്പരാഗത രീതിയില്‍ അവതരിപ്പിക്കുന്നതിന് ഇപ്പോള്‍ 25,000 രൂപയാണ് വാങ്ങുന്നത്. തോല്‍പ്പാവ കൂത്ത് പ്രോത്സാഹിപ്പിക്കുവാന്‍ ഇതിന്റെ പകുതി നിരക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. അന്യം നിന്ന് പോകുന്ന ഈ ദൃശ്യകലയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് രാമചന്ദ്ര പറഞ്ഞു.

ഏഴോളം പാവ കലാകാരന്മാരുടെ അധ്വാനം കൊണ്ടാണ് തിരശ്ശീലയില്‍ ഈ ദൃശ്യ വിസ്മയം അരങ്ങേറുന്നത്. ചടുല നീക്കങ്ങളും പാവകളെ സമയോചിതമായി തെരഞ്ഞെടുത്ത് ചലിപ്പിക്കുന്നതിലും അനുഭവ പരിചയവും കൈവഴക്കവും കൂടിയേ കഴിയൂ.

ഇനിയെത്ര നാള്‍ പാവക്കൂത്ത് അരങ്ങില്‍ വിസ്മയം സൃഷ്ടിക്കാന്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ പാവക്കൂത്ത് കലാകാരന്മാര്‍ക്ക് ആശങ്കയുണ്ട്. എന്നിരുന്നാലും വല്ലപ്പോഴും കാണാന്‍ കിട്ടുന്ന ഈ ദൃശ്യ വിസ്മയം കാണികള്‍ക്ക് മറക്കാനാവില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top