Latest News

കേരള ബാങ്കിന്റെ രൂപീകരണം സഹകരണ പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടമാണെന്ന് മുഖ്യമന്ത്രി

സര്‍വ മേഖലകളിലും സാന്നിധ്യമറിയിച്ച കേരളത്തിലെ സഹകരണ പ്രസ്ഥാനം കേരളാ ബാങ്ക് രൂപീകരണത്തിലൂടെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം ഈ വര്‍ഷം ഏപ്രിലോടുകൂടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോല്‍സവും സന്ദര്‍ശിച്ച ശേഷം നവകേരളം നവോത്ഥാനം സഹകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ തൃതല സഹകരണ ബാങ്ക് സംവിധാനം മാറ്റി ജില്ലാ സഹകരണ ബാങ്കുകളും കേരള സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിക്കുകയാണ്. ഗ്രാമീണ ബാങ്ക് ശാഖകള്‍ കേരളാ ബാങ്ക് കേന്ദ്രങ്ങളായി പ്രവൃത്തിക്കും. അനുമതി ലഭിച്ചാല്‍ കേരളാ ബാങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കും. വിദേശത്ത് നിന്നയക്കുന്ന പണം നാട്ടിലെ സഹകരണ ബാങ്ക് ശാഖകള്‍ വഴി ബന്ധുക്കള്‍ക്കടുത്തേക്ക് തൊട്ടടുത്ത ദിവസം തന്നെ എത്തിക്കാന്‍ കേരളാ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കൊണ്ട് സാധ്യമാവും. കേരളത്തിന്റെ സ്വന്തം ബാങ്കിങ് സ്ഥാപനമായി കേരളാ സഹകരണ ബാങ്ക് മാറും. നിലവില്‍ കേരളം ആസ്ഥാനമായി ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് അവര്‍ കേരളത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃതി അന്താരാഷ്ട്ര പുസ്തകമേള മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു

മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന ഇടപെടലുകള്‍ നടത്താന്‍ ഇന്ന് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായി ഇടപെടല്‍ നടത്താന്‍ ശേഷിയുണ്ടെന്ന് സഹകരണ മേഖല തെളിയിച്ചിട്ടുണ്ട്. നാടിന്റെ ആവശ്യം സര്‍ക്കാര്‍ ഉന്നയിക്കുമ്പോള്‍ സഹായിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ തയ്യാറായി. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ മുടങ്ങിയ സാഹചര്യത്തില്‍ സഹകരണ മേഖലയുമായി ചര്‍ച്ച നടത്തി. മാസം തോറും സഹകരണ മേഖലയിലൂടെയാണ് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നത്. ഈ തുക കെഎസ്ആര്‍ടിസി സഹകരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍ക്കും. ഇത് കൃത്യമായി നടന്നു പോവുന്നുണ്ട്.

മുന്‍പ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനും സഹകരണ സ്ഥാപനങ്ങളുടെ സഹായം ലഭിച്ചിരുന്നു. സംസ്ഥാനത്തെ പ്രൈമറി ബാങ്കുകള്‍ വഴി പെന്‍ഷന്‍ തുക ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കാന്‍ സാധിച്ചു. പ്രളയ ബാധിതര്‍ക്ക് കുടുംബശ്രീ വഴി ഒരുലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി രൂപീകരിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളാണ് ഇതിന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയത്. തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണ പ്രക്രിയയിലും സഹകരണ ബാങ്കുകള്‍ വലിയ പങ്ക് വഹിച്ചു. 2000ഓളം വീടുകളുടെ നിര്‍മാണമാണ് സഹകരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തത്. അതില്‍ വലിയൊരു പങ്ക് നിര്‍മാണം പൂര്‍ത്തിയായി. സഹകരണ ബാങ്കുകള്‍ ഏറ്റെടുത്തവയടക്കം മുഴുവന്‍ വീടുകളുടെയും പുനര്‍ നിര്‍മാണം ഏപ്രിലോടു കൂടെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പൊതുവിതരണ രംഗത്ത് ഫലപ്രദമായാണ് കണ്‍സ്യൂമര്‍ ഫെഡ് ഇടപെടുന്നത്. അഴിമതി ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മുന്‍പ് അഴിമതിക്ക് പേരുകേട്ട പല മേഖലകളും ഇപ്പോള്‍ അഴിമതി വിമുക്തമായി. കണ്‍സ്യൂമെര്‍ഫെഡില്‍ നല്ല രീതിയിലുള്ള മാറ്റങ്ങളുണ്ടാക്കാന്‍ പറ്റി. കാര്‍ഷിക മേഖലയുടെ വിപണനസംവിധാനവും ശക്തമാക്കും. ആരോഗ്യ രംഗത്ത് ശക്തമായി ഇടപെടുന്ന സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാനമുല്യങ്ങളെ ആര്‍ക്കും തകര്‍ക്കാനായിട്ടില്ല എന്ന മുദ്രാവാക്യമാണ് വനിതാമതില്‍ ഉയര്‍ത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരേ ശക്തമായ മുന്നേറ്റമണ് ഉയര്‍ന്നത്. അതിന് വനിതാ മതില്‍ ഊൗര്‍ജം പകര്‍ന്നു. നവോത്ഥാനവുമായി ബന്ധപ്പെട്ട് പഴയകാല എഴുകത്തുകാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന കാലത്ത് മനുഷ്യമനസ്സിലെ ഇരുട്ടകറ്റുകയായിരുന്നു എഴുത്തുകാര്‍ ചെയ്തത്. നവോത്ഥാനകാലം എങ്ങനെ വേറിട്ടുനില്‍ക്കുന്നുവെന്നും ഇന്ന് എങ്ങനെ മാറിയെന്നും മനസ്സിലാക്കണം. ബഷീറിന്റെ എഴുത്ത് മുസ്ലിം സമുദായത്തിലെ ഇരുട്ടകറ്റുക മാത്രമല്ല സമൂഹത്തിന് നന്മയുടെ വെളിച്ചം പകരുകയും ചെയ്തു. ഒരു ഭഗവത് ഗീതയും കുറേ മുലകളും എന്ന പേരില്‍ ഒരു കൃതി ബഷീര്‍ ഇന്നാണ് എഴുതിയിരുന്നെങ്കില്‍ എന്തായിരുന്നു സംഭവിക്കുക. ബഷീറിന് പോലിസ് കാവല്‍ നല്‍കേണ്ട അവസ്ഥയാവും അപ്പോള്‍ വരികയെന്നും പിണറായി പറഞ്ഞു.

തകഴിയുടെ രണ്ടിടങ്ങഴിയുടെ ആമുഖത്തില്‍ തീണ്ടലും തൊടീലുമടക്കമുള്ള അനാചാരങ്ങള്‍ക്കെതിരേ പറയുന്നു. പൊന്‍കുന്നം വര്‍ക്കിയുടെ എഴുത്തുകള്‍ പൗരോഹിത്യത്തെ വിമര്‍ശിച്ചു. പ്രതിഭാശാലിത്വത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത കൊണ്ടും അന്നത്തെ എഴുത്തുകാര്‍ പ്രസക്തരായിരുന്നു. അവര്‍ പാകി മുളപ്പിച്ച വിത്തില്‍ നിന്ന് വീണ്ടും നവോത്ഥാന സൃഷ്ടിക്കായി ശ്രമിക്കേണ്ട കാലമാണിത്.

മലയാളത്തില്‍ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘ കാര്‍ട്ടൂണിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. മണ്‍മറഞ്ഞ 25 കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളാണ് പുസ്തകത്തിലുല്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ എംഎല്‍എ വിഎന്‍ വാസവന്‍ പുസ്തകം ഏറ്റുവാങ്ങി. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസനെയും സംവിധായകന്‍ ജയരാജിനെയും ചടങ്ങില്‍ ആദരിച്ചു. ഹോര്‍ത്തൂസ് മലബാറിക്കൂസ് റിസര്‍ച്ച് ഫെലോ ഡോ. സിആര്‍ സുരേഷിന് ജൈവകീര്‍ത്തി പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. സമകാലിക മലയാളം പ്രസിദ്ധീകരിച്ച നായനാര്‍ സ്മൃതിയുടെ പ്രകാശനം പ്രൊഫസര്‍ എംകെ സാനുവിന് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. സാഹിത്യോല്‍സവത്തിന്റെ വൈദ്യുത വിതരണം സുഗമമായി നടപ്പാക്കിയതിന് കെഎസ്ഇബി ജീവനക്കാരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദരിച്ചു. ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് യൂനിയന്‍ (ബെഫി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ശേഖരിച്ച ഒന്നരക്കോടി രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. പ്രൊഫസര്‍ എംകെ സാനു, പി രാജീവ്, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, മിനി തോമസ് ഐഎഎസ്, ഏഴാച്ചേരി രാമചന്ദ്രന്‍, പി അപ്പുക്കുട്ടന്‍, സിഎന്‍ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top