Biennale

ലിംഗ അസമത്വം: വീഡിയോ പ്രതിഷ്ഠാപനവുമായി ഇറാനിയന്‍ കലാകാരി ബിനാലെയില്‍

കൊച്ചി: പ്രാചീന പേര്‍ഷ്യന്‍ സംഗീതത്തിന്റേയും കവിതകളുടേയും അകമ്പടിയോടെ ഇറാനിയന്‍ സമൂഹത്തിലെ ലിംഗ അസമത്വത്തെ തുറന്നുകാട്ടുകയാണ് ഷിറീന്‍ നെഷാതിന്റെ കൊച്ചി മുസ്സിരിസ് ബിനാലെയിലെ വീഡിയോ പ്രതിഷ്ഠാപനം.

ഇറാനിലെ സ്ത്രീയും പുരുഷനും ഇരട്ട സ്‌ക്രീനില്‍ ഗാനാലാപനം നടത്തുന്ന പ്രതിഷ്ഠാപനമാണ് ആസ്പിന്‍വാള്‍ ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ടര്‍ബുലന്റ്. ഒന്‍പതുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ രൂപങ്ങള്‍ മിക്കപ്പോഴും വ്യക്തമായ പശ്ചാത്തലം ഇല്ലാത്തവയും കറുപ്പിലും വെളുപ്പിലും പകര്‍ത്തിയവയുമാണ്.

നിശ്ചല ഫോട്ടോഗ്രാഫിയില്‍ നിന്നും വീഡിയോ പ്രതിഷ്ഠാപനത്തിലേക്കുള്ള ചുവടുറപ്പിക്കലാണ് അറുപതുകാരിയായ ഷിറീന്റെ ഈ കലാസൃഷ്ടി.

ഇറാനിലെ ഇസ്ലാമിക സാമൂഹിക ചട്ടക്കൂടുമായി ബന്ധപ്പെടുത്തി ലിംഗപരമായ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചുളള തന്റെ ആദ്യ ദൗത്യമാണിതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരി വ്യക്തമാക്കി.

ഒരു സ്‌ക്രീനില്‍ ആണുങ്ങള്‍ മാത്രം കാഴ്ചക്കാരായ നിറഞ്ഞ വേദിയില്‍ ഒരു പുരുഷന്‍ ഗാനമാലപിക്കുന്നതും മറ്റൊരു സ്‌ക്രീനില്‍ കാഴ്ചക്കാരാരും ഇല്ലാത്ത വേദിയില്‍ ഒരു സ്ത്രീ ഗാനമാലപിക്കുന്നതിനേയുമാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

ഇറാനിലെ പൊതു പരിപാടികളില്‍ സ്ത്രീകള്‍ക്ക് തനിച്ചു പാടാന്‍ അവകാശം നിഷേധിക്കുന്നതിനോടുള്ള വിയോജിപ്പിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ പുരുഷന്‍മാര്‍ക്ക് പൊതുപരിപാടികളില്‍ അവതരണങ്ങളും റെക്കോര്‍ഡിംഗുകളും നടത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് രണ്ട് ദശാബ്ദത്തിനു മുന്‍പേ 1998ല്‍ ടര്‍ബുലന്റ് എന്ന ചിത്രത്തിന് വെനീസ് ബിനാലെയില്‍ രാജ്യാന്തര പുരസ്‌കാരം നേടിയ ഷിറീന്‍ പറഞ്ഞു.

പ്രതിഷ്ഠാപനത്തിലെ ഇരട്ട സ്‌ക്രീനുകളിലൂടെ ആസ്വാദകന് സ്ത്രീ-പുരുഷ ഗായകരുടെ സംഗീതത്തെയാണ് ഭാവനാതലത്തില്‍ കാണാനാകുക. പ്രോത്സാഹനം നല്‍കുന്ന ആസ്വാദക വൃന്ദത്തിന്റെ നടുവില്‍നിന്ന് പുരുഷന്‍ പ്രശസ്ത ഇറാനിയന്‍ കവിയായ റുമിയുടെ വരികളാണ് ആലപിക്കുന്നത്. സംഗീതം പകര്‍ന്നത് ഷാഹ്‌റാം നസേരിയും ആലപിച്ചത് ഷോജ ആസാരിയുമായിരുന്നു. എന്നാല്‍ മറുവശത്ത് സൂസന്‍ ദെഹിം ആളൊഴിഞ്ഞ വേദിയാലാണ് ഗാനാലാപനം നടത്തുന്നത്. പുരുഷ ഗായകന്റേയും നിറഞ്ഞ ആസ്വാദക സദസ്സിന്റേയും ദൃശ്യം വൈകാരിക തീവ്രത സൃഷ്ടിക്കുന്നു. തുടര്‍മാനമായി കാണാനാത്ത വിധത്തിലാണ് സ്‌ക്രീനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആയതിനാല്‍ പ്രദര്‍ശനസ്ഥലത്ത് എവിടേക്കാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്ന് ആസ്വാദകന്‍ തിരഞ്ഞെടുക്കണം.

യുസി ബെര്‍ക്ക്‌ലെയില്‍ നിന്ന് ബിരുദം നേടിയ ഷിറീന്‍ സ്ത്രീയുടെ ഗാനവും അവളുടെ വേദിയിലെ സാന്നിധ്യവും പ്രതിഷേധാര്‍ഹമായാണ് വരച്ചുകാട്ടുന്നത്. ഇറാനിലെ സ്ത്രീകളുടെ മനോവികാരങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അവസാനം സ്ത്രീ പാരമ്പര്യ സംഗീതത്തെ അട്ടിമറിച്ചിട്ട് സ്വതസിദ്ധമായ ശൈലിക്ക് ആരംഭം കുറിക്കുന്നു. അതേസമയം പുരുഷന്‍ പരമ്പരാഗത ചട്ടക്കൂടിനകത്തുതന്നെ ശേഷിക്കപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലിംഗ, രാഷ്ട്രീയപരമായ സങ്കീര്‍ണ പ്രശ്‌നങ്ങളെക്കുറിച്ച് രണ്ടു ദശാബ്ദക്കാലമായി പര്യവേഷണത്തിലാണ് ഷിറീന്‍. ഇടുങ്ങിയ പാരമ്പര്യനിയമങ്ങളില്‍ പുരുഷനും കാണികള്‍ ഇല്ലാത്ത ഒഴിഞ്ഞ വേദിയില്‍ പാടി സ്ത്രീയും തളര്‍ന്നവരാണെന്ന് സമൂഹത്തിന്റെ നിയതമായ കളളികളില്‍ തളയ്ക്കപ്പെട്ട സ്ത്രീയേയും പുരഷനേയും ഇരുവിധത്തില്‍ അവതരിപ്പിച്ച് കലാകാരി വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top