ന്യൂഡല്‍ഹി: പ്രകൃതിദുരന്തം നാശം വിതച്ച 7 സംസ്ഥാനങ്ങള്‍ക്ക് 7214.03 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. 2018 – 19 കാലയളവില്‍ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ അധിക വിഹിതമാണിത്.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണു തുക അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേരളം പട്ടികയിലില്ല. ഹിമാചല്‍പ്രദേശ്, യുപി, ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ധനസഹായം.
കൊടും വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍ വിഹിതം. ഓരോ സംസ്ഥാനത്തിനും അനുവദിച്ചത്, മഹാരാഷ്ട്ര – 4714.28 കോടി, ഹിമാചല്‍ – 317.44, യുപി – 191.73, ആന്ധ്ര – 900.40, ഗുജറാത്ത് – 127.60, കര്‍ണാടക – 949.49, പുതുച്ചേരി – 13.09 എന്നിങ്ങനെയാണ്.