കോതമംഗലത്ത് മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആമക്കാട്ട് സജി ആന്റണിയാണ് ഭാര്യ പ്രിയ (38) യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. പ്രിയയുടെ കഴുത്തിന്റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സജി ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുണ്ട്.
ഒറ്റപ്പെട്ട സ്ഥലത്തെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അച്ഛന് അമ്മയെ വാക്കത്തിക്ക് വെട്ടുന്നതു കണ്ട് മക്കളായ എബിനും (12) ഗോഡ്വിനുമാണ് അയല്‍വാസികളെ അറിയിച്ചത്. ഇവര്‍ സമീപത്തെ ചിലരെയും കൂട്ടി സ്ഥലത്തെത്തിയപ്പോള്‍ രക്തംവാര്‍ന്ന് ചലനമറ്റ് കിടക്കുന്ന പ്രിയയെയാണ് കണ്ടത്. ഉടന്‍ തന്നെ പ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രിയ ഊന്നുകല്‍ ടൗണില്‍ തയ്യല്‍ജോലി ചെയ്തുവരികയായിരുന്നു. സജിയുടെയും പ്രിയയുടെയും പ്രണയ വിവാഹമായിരുന്നു. അതേസമയം കൊലപതാകത്തിന് പിന്നിലുളള കാരണം വ്യക്തമായിട്ടില്ല. സജിയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.