ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് മുന്‍കൈ എടുക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബില്ലിനെ എതിര്‍ക്കാന്‍ യുപിഎക്ക് പുറത്തുള്ള കക്ഷികളുടെ കൂടി സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ബില്ലിനെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നില്ല. ഉത്തരേന്ത്യന്‍ സാഹചര്യം വച്ചാണ് കോണ്‍ഗ്രസ് അന്ന് ആ നിലപാട് എടുത്തത്. ലീഗിന്റെ മുന്‍കയ്യിലാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി ബില്ലുമായി വന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.