പത്തനംതിട്ട: മുക്കുട്ടുതറ സ്വദേശി ജസ്നയെ കാണാതായി മാസങ്ങള്‍ പിന്നിടുമ്പോഴും എവിടേയും എത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം. ജസ്നയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
മുണ്ടക്കയം ബസ്റ്റാന്റിലൂടെ ജസ്നയെന്ന് കരുതുന്ന പെണ്‍കുട്ടി നടന്ന് പോകുന്ന ദൃശ്യങ്ങള്‍ നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്തെത്തി പരിശോധിച്ചു.
ക്രൈംബ്രാഞ്ച് എസ്ഐ വി.ആര് ജയേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുണ്ടക്കയത്തെത്തിയത്. ദൃശ്യങ്ങള്‍ മുണ്ടക്കയം പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ച് തെളിവുകള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്തെത്തിയത്. എന്നാല്‍ അന്വോഷണത്തെ സഹായിക്കുന്ന വിവരങ്ങളോന്നും ഇതുവരേയും ലഭിച്ചിട്ടില്ല.
നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച ജസ്ന തിരോധാനം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 22നാണ് മുക്കുട്ടുതറ സ്വദേശി ജസ്നയെ കാണാതായത്.