ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് നല്‍കിയത് എച്ച്ഐവി ബാധയുള്ള രക്തമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ മൂന്ന് ലാബ് അസിസ്റ്റന്റുമാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈമാസം മൂന്നിനാണു സംഭവം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവായ ദാതാവിന് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം രക്തം നല്കിയപ്പോള് ഇക്കാര്യം യുവാവ് ജീവനക്കാരില്‍നിന്ന് മറച്ചുവച്ചു.
ഇതു കണ്ടെത്തിയപ്പോഴേക്കും ഗര്‍ഭിണിയായ യുവതിക്കു രക്തം നല്‍കിയിരുന്നു. പരിശോധിച്ചപ്പോള്‍ യുവതി എച്ച്ഐവി ബാധിതയാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന് എച്ച്ഐവി ബാധിച്ചിട്ടുണ്ടോയെന്ന് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുവതിക്കും ഭര്‍ത്താവിനും ജോലിയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആര്.മനോഹരന് പറഞ്ഞു.