Latest News

ഡിസംബര്‍ 29ന് ശേഷം ടിവി ചാനല്‍ വിതരണം എങ്ങനെ ?

വന്‍കിട ചാനല്‍/ഡിടിഎച്ച് കമ്പനികളുടെ ചൂഷണം തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് ട്രായ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള പ്രത്യേക അവകാശവും അതോടൊപ്പം ട്രായ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ചാനലുകള്‍ പ്രത്യേകം ഗ്രൂപ്പുകളായാണ് (ബൊക്കെ) നിലവില്‍ ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്നത്. അതുകൊണ്ടുതന്നെ മിക്കപ്പോഴും തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ചാനലുകള്‍ പോലും നിര്‍ബന്ധിതമായി പണം നല്‍കി വരിക്കാരാകേണ്ടി വരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ട്രായിയുടെ ശ്രമം.

പുതിയ നിരക്കുപ്രകാരം ഡിടിഎച്ച്/ കേബിള്‍ സേവനദാതാക്കളും നിശ്ചിത നിരക്കില്‍ ചാനലുകള്‍ നല്‍കേണ്ടിവരും. ബോക്കെ പാക്കേജുകളായി നല്‍കുന്ന ചാനലുകളുടെ വില 19 രൂപയില്‍ കൂടരുതെന്നാണ് ട്രായിയുടെ നിര്‍ദേശം. ഇനി കൂടുകയാണെങ്കില്‍ അവ ഒരോന്നായി പ്രത്യേകം നിരക്കില്‍ നല്‍കണം. സൗജന്യ ചാനലുകള്‍ ഈ പാക്കേജില്‍ ഉള്‍പ്പെടുത്താനും പാടില്ല. ഇതനുസരിച്ച് പല ചാനലുകള്‍ക്കും ഇതിനോടകം വില പുതുക്കിയിട്ടുണ്ട്.

ട്രായിയുടെ പുതിയ നിരക്ക് അനുസരിച്ച് 130 രൂപയുടെ അടിസ്ഥാന പാക്കേജില്‍ 100 സ്റ്റാന്റേഡ് ഡെഫനിഷന്‍ (എസ്.ഡി) ഫ്രീ റ്റു എയര്‍ ചാനലുകള്‍ ഉപയോക്താവിന് ലഭിക്കും. ഇതില്‍ 26 നിര്‍ബന്ധിത സര്‍ക്കാര്‍ ചാനലുകള്‍ ഒഴികെയുള്ള 74 ചാനലുകള്‍ ഉപയോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. 100 ല്‍ കൂടുതല്‍ എസ്ഡി ചാനലുകള്‍ വേണമെങ്കില്‍ അധികമായി വരുന്ന 25 ചാനലുകള്‍ക്ക് 20 രൂപ അധികമായി നല്‍കേണ്ടി വരും.

ട്രായിയുടെ നിര്‍ദേശം അനുസരിച്ച് ഒരു എച്ച്ഡി ചാനല്‍ രണ്ട് എച്ച്ഡി ചാനലുകള്‍ക്ക് തുല്യമാണ്. അതായത് അടിസ്ഥാന പാക്കേജില്‍ 100 എസ്ഡി ചാനലുകള്‍ക്ക് പകരം 50 എച്ച്ഡി ചാനലുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.

പേ ചാനലുകള്‍ക്ക് അധിക തുക നല്‍കണം. അങ്ങനെയുള്ള ഒരോ ചാനലും പ്രത്യേകം കാശുകൊടുത്ത് പാക്കേജിനൊപ്പം ചേര്‍ക്കണം. 130 രൂപയ്ക്ക് പുറമെ വരുന്ന തുകയാണത്. ഇതോടെ തങ്ങള്‍ക്ക് ആവശ്യമുള്ള ചാനലുകള്‍ മാത്രം ചേര്‍ക്കാനുള്ള സൗകര്യം ഉപഭോക്താവിന് ലഭിക്കും.

പുതിയ നിരക്ക് അനുസരിച്ച് നിലവില്‍ ലഭ്യമായ എല്ലാ കേബിള്‍/ഡിടിഎച്ച് ചാനലുകളും തുടര്‍ന്നും ലഭിക്കണമെങ്കില്‍ നിലവില്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവ് വരുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ നിലവില്‍ ലഭ്യമായവയില്‍ ആവശ്യമില്ലാത്ത ചാനലുകളെല്ലാം ഒഴിവാക്കിയാല്‍ ഒരു പക്ഷെ നിരക്ക് ലാഭമായേക്കാം.

എല്ലാ ചാനല്‍ വിതരണക്കാര്‍ക്കും പ്രത്യേകം വെബ്സൈറ്റും കസ്റ്റമര്‍ കെയര്‍ നമ്പറും വേണം. വില നിരക്കുകള്‍ ഉപയോക്താക്കള്‍ക്കുമുന്നില്‍ വ്യക്തമാക്കണമെന്നും ബില്ലുകള്‍ കൃത്യമായി രേഖപ്പെടുത്തി നല്‍കണമെന്നും ട്രായ് നിര്‍ദേശമുണ്ട്. ഇതുവഴി ഇടപാടുകള്‍ സുഗമമാക്കാന്‍ സാധിക്കും.

ചാനലുകള്‍ ഒറ്റയ്ക്ക് വാങ്ങുന്നതിന് പകരം ബ്രോഡ്കാസ്റ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഒരു കൂട്ടം ചാനലുകളുടെ ബോക്കെയായും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

ഉപയോക്താക്കള്‍ക്ക് സൗജന്യങ്ങള്‍ നല്‍കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും ബ്രോഡ്കാസ്റ്റിങ് സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top