Breaking News

ബിനാലെ കാഴ്ചകള്‍ കണ്ടറിഞ്ഞ് തേവര വൃദ്ധസദനത്തിലെ അന്തേവാസികള്‍

കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റര്‍പ്രമേയം തന്നെ ‘അന്യതയില്‍ നിന്നും അന്യോന്യതയിലേക്ക്’ എന്നതാണ്. ഈ പ്രമേയത്തിന്റെ ഓരോ വാക്കിനെയും അന്വര്‍ത്ഥമാക്കുന്നതായിരുന്നു വ്യാഴാഴ്ച ബിനാലെ കാണാനെത്തിയ പതിനഞ്ചംഗ സംഘം. തേവര സര്‍ക്കാര്‍ വൃദ്ധസദനത്തിന്റെ നാലു ചുമരുകള്‍ക്കുള്ളിലെ അന്യതയില്‍ കഴിഞ്ഞിരുന്ന പതിനഞ്ച് വയോധികരാണ് ബിനാലെ കാണാനെത്തിയത്. ഇവര്‍ക്കൊപ്പം വൃദ്ധസദനത്തിലെ ജീവനക്കാരുമുണ്ടായിരുന്നു.

ജീവിതത്തിലെ നല്ല കാലം കൊല്‍ക്കത്തയില്‍ കഴിഞ്ഞ വത്സലയ്ക്ക് ബിനാലെ പ്രദര്‍ശനങ്ങള്‍ ഓര്‍മ്മകളെ ഉണര്‍ത്തുന്നതായിരുന്നു. ബിനാലെയിലെ ഗൈഡുകള്‍ എല്ലാ കലാസൃഷ്ടിയെക്കുറിച്ചും വിശദമായി പറഞ്ഞുതന്നുവെന്ന് അവര്‍ പറഞ്ഞു. വത്സലയുടെ കൂടെയുണ്ടായിരുന്ന സരസുവിനെ ഏറ്റവും സ്വാധീനിച്ചത് ശാംഭവിയുടെ പ്രതിഷ്ഠാപനമാണ്. പഴയ അരിവാളും അതിലൂടെ വിവരിച്ചിരിക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുമെല്ലാം ഈ മുത്തശ്ശിയെ ഗതകാലസ്മരണകളിലേക്ക് കൊണ്ടു പോയി എന്നത് ആ മുഖത്ത് വ്യക്തമായിരുന്നു.

കൊച്ചി വടുതല സ്വദേശിയായ സരസ്വതിയ്ക്ക് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ വളപ്പ് വളരെ ഇഷ്ടപ്പെട്ടു. ഇതിലെ നടക്കുമ്പോള്‍ ആരുമില്ലെന്ന തോന്നല്‍ ഉണ്ടാകുന്നില്ല. താനിയ കാന്ദിയാനിയുടെ തറി കൊണ്ടുണ്ടാക്കിയ സംഗീതോപകരണമാണ് ഈ മുത്തശ്ശിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

ആകെ 43 അന്തേവാസികണ് തേവര സര്‍ക്കാര്‍ വൃദ്ധസദനത്തിലുള്ളതെന്ന് സംഘത്തോടൊപ്പം എത്തിയ സൂപ്രണ്ട് വിജയന്‍ പറഞ്ഞു. ഇതില്‍ നടക്കാന്‍ വലിയ ബുദ്ധിമുട്ടില്ലാത്തവരെയാണ് പുറത്തു കൊണ്ടു പോവുക. ഓരോരുത്തര്‍ക്കും ഓരോ സഹായികളെയും ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഏകദിന യാത്രകള്‍ പലപ്പോഴും സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുമനസ്സുകളാണ് ഇതിനായി പണം മുടക്കുന്നത്.

ഏകദേശം 3 മണിക്കൂറോളം ബിനാലെ പ്രദര്‍ശനങ്ങള്‍ കണ്ടതിനു ശേഷമാണ് ഈ സംഘം മടങ്ങിയത്. നടക്കുന്നത് പരമാവധി കുറയ്ക്കുന്നതിനു വേണ്ടി ബിനാലെയിലെ ഇലക്ട്രിക് വാഹനങ്ങള്‍ അവര്‍ക്കായി ഒരുക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top