Kerala

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന് തുടക്കമായി

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന് തുടക്കമായി. വൈകീട്ട് ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 108 ദിവസം നീണ്ടു നില്‍ക്കുന്ന ബിനാലെ നാലാം ലക്കത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

2021 ല്‍ ഡിസൈന്‍ ബിനാലെയ്ക്ക് കൊച്ചിയില്‍ തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ നീണ്ട ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സ്ത്രീ സമൂഹത്തെ പാര്‍ശ്വവത്കരിക്കാന്‍ ചിലര്‍ ഗൂഢശ്രമം നടത്തുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തില്‍ ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന പകുതിയിലേറെ കലാകാരന്‍മാര്‍ വനിതകളാണ് എന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

കലാകാരന്‍മാര്‍ക്കൊപ്പം അന്യവത്കരിക്കപ്പെട്ട നിരവധി പേര്‍ക്ക് ബിനാലെ അവസരം നല്‍കിയിരിക്കുന്നു. ഇത് ക്യൂറേറ്ററുടെ പ്രമേയത്തിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നതാണ്. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും കേരളത്തെ എത്തിക്കുന്നതിന് ബിനാലെ നല്‍കുന്ന പിന്തുണ ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയാനന്തര കേരളം പുനര്‍നിര്‍മ്മാണത്തിന്റെ പാതയിലാണ്. ഈ കാരണം മുന്‍നിറുത്തി ബിനാലെയ്ക്കുള്ള സാമ്പത്തിക സഹായം ഒഴിവാക്കില്ല. കലയുടെ അഭാവത്തില്‍ മനുഷ്യജീവിതം മൃഗജീവിതത്തിലേക്ക് താഴ്ന്നു പോകുന്നു. അതിനാല്‍ തന്നെ കല, സാഹിത്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം വേദിയെന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് കൊച്ചി ബിനാലെ ഏറെ മുന്നോട്ടു പോയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2020ലെ കൊച്ചി ബിനാലെ അഞ്ചാം ലക്കത്തിന് ശേഷമാണ് ഡിസൈന്‍ ബിനാലെ നടത്തുന്നത്. ഇതോടെ എല്ലാ വര്‍ഷവും കൊച്ചിയില്‍ ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചു.

പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെയാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍. പങ്കെടുക്കുന്ന കലാകാരന്‍മാരില്‍ പകുതിയിലേറെ വനിത പ്രാതിനിധ്യമുള്ള ലോകത്തിലെ ആദ്യ ബിനാലെയെന്ന ഖ്യാതിയും ഇനി കൊച്ചിയ്ക്ക് സ്വന്തമായി.

ബിനാലെ പ്രദര്‍ശനങ്ങളോടൊപ്പം, സെമിനാറുകള്‍, പരിശീലന കളരികള്‍, പ്രഭാഷണങ്ങള്‍, സിനിമ പ്രദര്‍ശനം, കലാപ്രകടനങ്ങള്‍ എന്നിവയും 2019 മാര്‍ച്ച് 29 വരെ നടക്കുന്ന കലാവിരുന്നില്‍ ഉണ്ടാകും. 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്‍മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്.

എറണാകുളം എം.പി പ്രൊഫ കെ.വി തോമസ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, പ്രമുഖ വ്യവസായി എം എ യൂസഫ് അലി, എം എല്‍ എമാരായ കെ ജെ മാക്‌സി, എം വി ശ്രേയംസ് കുമാര്‍ മുന്‍ മന്ത്രി എം എ ബേബി, കെബിഎഫ് സെക്രട്ടറി വി സുനില്‍, മുന്‍ ട്രസ്റ്റി ഹോര്‍മിസ് തരകന്‍, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധകള്‍, മുന്‍ ലക്കങ്ങളിലെ ക്യൂറേറ്റര്‍മാര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top