Kerala

മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

തൃശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു. 84 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രാത്രി പതിനൊന്നേകാലോടെയായിരുന്നു അന്ത്യം.

ഏറെ നാളായി ആരോഗ്യാവസ്ഥ മോശമായതിനാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുമ്പാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെ അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയിലാവുകയും തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1934 നവംബര്‍ 18ന് ജനനം. പുഴയ്ക്കല്‍ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി പൊതുരംഗത്തെത്തി. വിനോബാഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം ഭൂദാന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45 ദിവസം നടന്ന പദയാത്രയില്‍ പങ്കെടുത്തു. കരുണാകരന്‍ സപ്തതി സ്മാരക മന്ദിരം എന്ന തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെ.പി.സി.സി. ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നലകിയത് ‘സി.എന്‍’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സി.എന്‍ ബാലകൃഷ്ണനാണ്. ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്റെയും, സംസ്ഥാന ഖാദി ഫെഡറേഷന്റെയും നേതാവാണ്.

ദീര്‍ഘകാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ട്രഷററുമായിരുന്നു. പത്താം ക്ലാസ് പാസ്സായതിനു ശേഷം പൊതുരംഗത്തിറങ്ങിയ സി.എന്‍. തന്റേടത്തോടെ ഓരോ മേഖലയും കീഴടക്കിയത് അസാമാന്യമായ മനസാന്നിദ്ധ്യത്തോടെയായിരുന്നു. 2011ലെ തെരഞ്ഞെടുപ്പിലാണ് സി.എന്‍ ബാലകൃഷ്ണന്‍ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ സഹകരണ ഖാദി വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം സിപിഐഎമ്മിലെ എന്‍.ആര്‍.ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എല്‍.പി. സ്‌കൂള്‍ അധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗീത, മിനി എന്നിവര്‍ മക്കളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top