Latest News

എം.പി.ഇ.ഡി.എ യുടെ നൂതന മത്സ്യപ്രജനന കേന്ദ്രം കേന്ദ്രമന്ത്രി സുരേഷ് പ്രഭു നാടിന് സമര്‍പ്പിക്കും

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം. പി. ഇ. ഡി. എ) വല്ലാര്‍പാടത്ത് സജ്ജീകരിച്ച മള്‍ട്ടി സ്പീഷീസ് അക്വാകള്‍ച്ചര്‍ കോംപ്ലക്‌സ്, കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു നാടിന് സമര്‍പ്പിക്കും. വല്ലാര്‍പാടത്ത് എം. പി. ഇ. ഡി. എ യുടെ കീഴിലുള്ള ഒമ്പത് ഏക്കറിലാണ് പദ്ധതി. ഡിസംബര്‍ 8 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വല്ലാര്‍പാടത്താണ് ചടങ്ങ്. 7.26 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ പദ്ധതിയിലൂടെ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള മത്സ്യകര്‍ഷകര്‍ക്ക് രോഗരഹിതമായ മീന്‍ കുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ സഹായകരമാകും.

വര്‍ഷത്തില്‍ 20 ദശലക്ഷം കാരച്ചെമ്മീനിന്റെയും വിവിധയിനം മത്സ്യങ്ങളുടെയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഹാച്ചറി. ഇതു കൂടാതെ കാളാഞ്ചി, മോത, ഗിഫ്റ്റ് തിലാപ്പിയ, വളവോട് (പൊംപാനോ) എന്നിവയുടെ 16.5 ലക്ഷം കുഞ്ഞുങ്ങളെയും, 0.5 ലക്ഷം ഞണ്ട് കുഞ്ഞുങ്ങളെയും പരിപാലിക്കാന്‍ ശേഷിയുള്ള 6 നഴ്‌സറികളും ഈ പദ്ധതിയില്‍ സജ്ജമാണ്.

ഒരു കുടക്കീഴില്‍ മത്സ്യംകാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഹാച്ചറി കോംപ്ലക്‌സായി വല്ലാര്‍പാട ത്തെ പ്രജനന കേന്ദ്രം ഇതോടെ മാറും. രാജ്യത്തിനകത്തും പുറത്തും ഏറെ ആവശ്യക്കാരുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടുത്തുള്ളതിനാല്‍ ഈ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ ഇതര സംസ്ഥാനങ്ങളിലുള്ള വിപണന കേന്ദ്രങ്ങളില്‍ വളരെ വേഗം എത്തിക്കാന്‍ സാധിക്കും.

സുരക്ഷിതമായ പ്രവര്‍ത്തനം നടത്തുന്നതിനാവശ്യമായ മികച്ച ക്വാറന്റൈന്‍ സംവിധാനവും മലിനജല നിയന്ത്രണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജൈവസുരക്ഷയ്ക്കാവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുളങ്ങളടക്കമുള്ളവയുടെ നിര്‍മ്മാണം നടത്തിയത്.
സുസ്ഥിര മത്സ്യകൃഷിയ്ക്ക് ഏറ്റവും തടസ്സമായിട്ടുള്ളത് രോഗരഹിതമായിട്ടുള്ള മീന്‍ കുഞ്ഞുങ്ങളുടെ അഭാവമാണ്. എം. പി. ഇ. ഡി. എ യുടെ ഈ ചുവടു വയ്പ് മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശമടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ രീതിയിലുള്ള മറ്റ് സെന്ററുകള്‍ ആരംഭിക്കുന്നതിന് വഴിയൊരുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top