തിരുവനന്തപുരം: പ്രളയാനന്തര സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മന്ത്രിമാരുടെ മറുപടികളില്‍ തൃപ്തരാകാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. നവകേരള നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതായി സ്പീക്കര്‍ അറിയിച്ചു. മന്ത്രിമാര്‍ നല്‍കിയ കണക്കില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതികരിച്ചത് നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സാലറി ചലഞ്ച് വഴി ഒരു വര്‍ഷം 1500 കോടി രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്മതപത്രം വാങ്ങി മാത്രമാണ് തുക ഈടാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
48 മണിക്കൂര്‍ വെള്ളം കെട്ടിനിന്ന എല്ലാ വീടുകള്‍ക്കും 10,000 രൂപ വീതം നല്‍കി. ആയിരക്കണക്കിന് കോടി രൂപയുടെ സഹായമാണ് നഷ്ടമായത്. സാലറി ചലഞ്ചില്‍ പ്രതിപക്ഷ നിലപാട് ശരിയായില്ല. നാടിന്റെ പൊതു ആവശ്യത്തിന് ചേരുന്ന നിലപാടല്ല പ്രതിപക്ഷം സ്വീകരിച്ചത്. സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ആര്‍ക്കെതിരെയും പ്രതികാര നടപടി എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.