Latest News

അധികാരവും സര്‍ക്കാരും സ്വന്തമായുണ്ട്; ജയിപ്പിച്ചാല്‍ ബാലവിവാങ്ങള്‍ക്ക് സഹായിക്കാം; ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

അധികാരം കൈയ്യാളാന്‍ ബിജെപി ഏതറ്റം വരെയും പോകുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം ഊട്ടിയുറപ്പിക്കുകയാണ് രാജസ്ഥാനില്‍ നിന്നുളള ഒരു ബിജെപി നേതാവിന്റെ പ്രസ്താവന. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ സോജത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ശോഭാ ചൗഹാന്‍ എന്ന വനിതാ സ്ഥാനാര്‍ത്ഥിയാണ് പ്രസ്താവന നടത്തി വെട്ടിലായിരിക്കുന്നത്.

വോട്ടു നല്‍കി ജയിപ്പിച്ച് അധികാരത്തിലെത്തിച്ചാല്‍ ബാലവിവാഹങ്ങളിലെ പോലീസ് ഇടപെടല്‍ ഒഴിവാക്കിത്തരാമെന്നാണ് ശോഭാ ചൗഹാന്‍ എന്ന ബി.ജെ.പി വനിതാ നേതാവിന്റെ വാഗ്ദാനം. ശോഭയുടെ പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കനത്ത പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. മണ്ഡലത്തില്‍ കൂടുതലായുളള ദേവാസി സമുദായത്തില്‍ കാലഹരണപ്പെട്ട രീതിയായ ബാലവിവാഹം ഇപ്പോഴും നടക്കാറുണ്ട്. ഇക്കാര്യം സൂചിപ്പിച്ചപ്പോഴായിരുന്നു ബിജെപി വനിത സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. ‘നമുക്ക് അധികാരവും സര്‍ക്കാരും സ്വന്തമായുണ്ട്. ബാലവിവാഹങ്ങളില്‍ പോലീസിനെ ഇടപെടാന്‍ അനുവദിക്കില്ല- ശോഭ ഇങ്ങനെ പറയുന്നതായുള്ള വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വിഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ശോഭയെ ഒഴിവാക്കുമോ എന്ന് ബിജെപി വ്യക്തമാക്കിയിട്ടില്ല.