Kerala

സംരക്ഷിക്കണം അവരെ..! ഇന്ന് ലോക ഭിന്നശേഷി ദിനം

തിരക്കുകള്‍ക്കിടയിലെ ഓട്ടപ്പാച്ചിലിനിടയില്‍ ചുറ്റും ഒന്നു നോക്കണം, അപ്പോള്‍ കാണാം നമ്മുടെ കണ്ണ് നനയിക്കുന്ന കുറേയധികം ജീവിതങ്ങള്‍. ജനനത്തില്‍ തന്നെ പ്രതിസന്ധികള്‍ കൂടപ്പിറപ്പുകളായവര്‍, അല്ലെങ്കില്‍ ജീവിതത്തില്‍ ഒരു നിമിഷത്തെ അപകടത്തിലൂടെ പരിമിതികളെ ക്ഷണിച്ച് വരുത്തിയവര്‍ തുടങ്ങി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധി ഭിന്നശേഷിക്കാര്‍ നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ട്.

നമ്മള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന, പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ഭിന്നശേഷിക്കാരെ ഇന്നെങ്കിലും നമ്മള്‍ കാണണം, സഹായിക്കണം. കാരണം ഇന്ന് അവരുടെ ദിനമാണ്. ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനം. 1992 മുതല്‍ ഐക്യരാഷ്ട്രസഭ ഈ ദിവസം ലോക ഭിന്നശേഷി ദിനമായി ആചരിച്ചുവരുന്നു.

‘നമ്മുടെ ഭാവിക്കായി 17 ലക്ഷ്യങ്ങള്‍’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം ഐക്യരാഷ്ട്രസഭ ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ചെറിയ ചെറിയ വൈകല്യങ്ങള്‍ക്കപ്പുറം ഇവരിലെ കഴിവുകളെ കണ്ടെത്തുകയും വളര്‍ത്തുകയും നമ്മുടെ ചുമതലയാണെന്ന് ഓര്‍മ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.

തിരക്കുകള്‍ നിറഞ്ഞ ജീവിതത്തില്‍ അംഗപരിമിതര്‍ക്കായും നമുക്ക് അല്പം സമയം കണ്ടെത്താം. അവര്‍ക്കായി നമുക്ക് കൈകോര്‍ക്കാം. ഒറ്റപ്പെട്ട് ജീവിക്കുന്ന അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി നിരവധി പദ്ധതികള്‍ ലോകരാജ്യങ്ങള്‍ മുന്നോട്ട്‌വെക്കുന്നുണ്ട്. ഇത്തരം പദ്ധതികളുടെ സേവനം അവരിലേക്ക് എത്തിച്ചുകൊടുക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനും നമുക്ക് ഒന്നിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top