Business

ജെം ആന്‍ഡ് ജ്വല്ലറിമേള ; മനം കവരും ഫാഷന്‍ തരംഗം

കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ പുതിയ ആഭരണങ്ങളുടെ വൈവിധ്യവും ആധുനിക ഡിസൈനുകളും കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നു. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ ഒന്നിന് ആരംഭിച്ച ഈ ബിസിനസ് ടു ബിസിനസ് എക്‌സിബിഷനില്‍ ഇന്ത്യയിലേയും വിദേശത്തെയും പ്രമുഖ ആഭരണ നിര്‍മാതാക്കളാണ് തങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകളുമായി പങ്കെടുക്കുന്നത്. ഈ ആധുനിക ഡിസൈനുകളാണ് വരും നാളുകളില്‍ സ്വര്‍ണാഭരണ കടകളില്‍ ഇനി ട്രെന്‍ഡായി മാറുക.

” ആഭരണ നിര്‍മാണ രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകളും കലാ വൈദഗ്ധ്യവും രാജ്യാന്തര വിപണിയിലെ വിവിധ ഇനങ്ങളും പരിചയപ്പെടുത്തുന്നതാണ് ഈ മേള.” – എക്‌സിബിഷന്റെ സംഘാടകരായ കേരള ജ്വല്ലറി മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ ചീഫ് പേട്രണ്‍ പി.വി ജോസ് കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

” അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന എക്‌സിബിഷനിലെ വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ അത്യാകര്‍ഷകങ്ങളാണ്. വൈവിധ്യം കൊണ്ടുമാത്രമല്ല, നിര്‍മാതാക്കളുടേയും ആഭരണശില്‍പികളുടെ ആഭരണ നിര്‍മിതികളിലെ കരകൗശലവും വിസ്മയയിപ്പിക്കുന്നതാണ്.”- ജെം ആന്‍ഡ് ജ്വല്ലറി മേളയോടനുബന്ധിച്ച് നടക്കുന്ന ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ ഹിന്ദി ചലച്ചിത്ര താരം ഉല്‍കാ ഗുപ്ത കേരള വിഷനോട് പറഞ്ഞു.

ഉല്‍ക്കാ ഗുപ്ത വേദിയില്‍

രാജ്യത്തെ ആഭരണ നിര്‍മാതാക്കളും ഉത്പ്പാദകരും വ്യാപാരികളും കയറ്റുമതിക്കാരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന ഒമ്പതാമത് ജെം ആന്‍ഡ് ജ്വല്ലറി എക്‌സിബിഷനാണ് ഇപ്പോള്‍ നടക്കുന്നത്. മേളയില്‍ 250 സ്റ്റാളുകളുണ്ട്. ആഭരണങ്ങള്‍ക്ക് പുറമേ ആഭരണ നിര്‍മാണ യന്ത്ര സാമഗ്രികളുടെ സ്റ്റാളുകളുമുണ്ട്.

കേരളത്തിലെ സ്വര്‍ണാഭരണ ഉപഭോക്താക്കളുടെ ട്രെന്‍ഡ് വളരെ പെട്ടെന്ന് മാറുകയാണെന്നാണ് പ്രദര്‍ശന സ്റ്റാളുകളിലെ ആഭരണങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവുന്നത്. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. മാത്രമല്ല പ്ലെയിന്‍ ഡിസൈനുകളോടാണ് യുവതലമുറയ്ക്ക് താത്പര്യം. കുറച്ച് തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍, എന്നാല്‍ കാണുമ്പോള്‍ പൊലിമ തോന്നണം. തൃശൂരിലെ ജെ.ജെ ജ്വല്ലേര്‍സ് ആഭരണ നിര്‍മാണ കമ്പനിയുടെ പ്രൊപ്രൈറ്റര്‍ ജെനിസ് പറഞ്ഞു. ഒട്ടുമിക്ക സ്വര്‍ണാഭരണശാലകള്‍ക്കും തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാതാക്കളാണ് ആധുനിക ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ നല്‍കുന്നതെന്ന കാര്യം പലര്‍ക്കും അറിയില്ല.

ആധുനിക സിഎന്‍സി യന്ത്രങ്ങള്‍ നിലവില്‍ വന്നതോടെ സ്വര്‍ണാഭരണ നിര്‍മാണം ലഘൂകരിച്ചുവെന്ന് മാത്രമല്ല സാങ്കേതിക വിദ്യയുടെ മേന്മകളും കൈവരിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്.

തൂക്കം കൂടിയ പഴയകാല നിര്‍മിതി ബംഗാളി തൊഴിലാളികളുടെ പ്രത്യേകതയായിരുന്നു. യന്ത്ര നിര്‍മിതമായതിനാല്‍ ബംഗാളി സ്വര്‍ണ പണിക്കാര്‍ കേരളം വിട്ടു തുടങ്ങി. കോട്ടേജ്, മീഡിയം , വന്‍കിട സ്വര്‍ണാഭരണ നിര്‍മാണമേഖലയില്‍ ഏകദേശം രണ്ട് ലക്ഷം പേര്‍ തൊഴിലെടുക്കുന്നുണ്ടെന്ന് പി.വി ജോസ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ പ്രത്യക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ വളരെ ചെറിയ സ്ഥലം മാത്രം വേണ്ടിവരുന്ന സ്വര്‍ണാഭരണ നിര്‍മാണ വ്യവസായത്തിന് അനന്ത സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

തൂക്കംകൂടിയ ആഭരണങ്ങള്‍ക്ക് മാത്രമല്ല ചെറിയ ആഭരണങ്ങളായ മോതിരം, കമ്മല്‍ തുടങ്ങിയവയ്ക്കും കേരളത്തില്‍ വിപണിയുണ്ട്. ഐശ്വര്യവും പ്രൗഡിയും ലഭിക്കുന്ന നവരത്‌ന മോതിരങ്ങള്‍ക്ക് മലയാളികള്‍ക്കിടയില്‍ പ്രചാരം വര്‍ധിച്ച് വരികയാണെന്ന് വെളിയത്ത് ജ്വല്ലേര്‍സിന്റെ ഉടമ റിജോ റാഫേല്‍ പറഞ്ഞു.

” ഇന്ദ്രനീല വൈഡൂര്യം, മഞ്ഞ പുഷ്യരാഗം, മരതകം വൈരം, മുത്ത്, ചുവന്ന പവിഴം, ഗോമോദകം, മാണിക്യം തുടങ്ങിയവ പതിപ്പിച്ച നവരത്‌ന മോതിരങ്ങള്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നും മലയാളികള്‍ വിശ്വസിക്കുന്നു.

” മോതിരത്തിന്റെ വശങ്ങളില്‍ ലക്ഷ്മി, ഗണപതി തുടങ്ങിയ ദേവരൂപങ്ങള്‍ ആലേഖനം ചെയ്ത ടെമ്പിള്‍ ഡിസൈന്‍ നവരത്‌ന മോതിരം പ്രിയം നേടി വരുന്നുണ്ട്. ” റിജോ റാഫേല്‍ പുതിയ ട്രെന്‍ഡ് ചൂണ്ടിക്കാട്ടി.

ടെമ്പിള്‍ ഡിസൈന്‍ നവരത്‌ന മോതിരം

സ്വര്‍ണാഭരണ നിര്‍മാണ വ്യവസായത്തിന്റെ 60 ശതമാനവും തൃശൂര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. കോഴിക്കോട് 30 ശതമാനവും ശേഷിക്കുന്ന 10 ശതമാനം മറ്റ് ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു.

ഡയമണ്ട്, പ്ലാറ്റിനം തുടങ്ങിയ ആഭരണങ്ങള്‍ക്കും കേരളത്തിലിപ്പോള്‍ ഡിമാന്റ് കൂടുന്നുണ്ട്. ” പുതിയതലമുറ ഡയമണ്ട് ആഭരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. വജ്രത്തിന്റെ ഗൂഢ സൗന്ദര്യവും അപ്രിസിയേഷനും പുതിയ ട്രെന്‍ഡും ഡയമണ്ടിന്റെ വില്‍പ്പന കൂട്ടുന്നു. 40 വര്‍ഷക്കാലമായ കേരളത്തിലെ വജ്രവ്യാപാര മേഖലയില്‍ പരിചയമുള്ള ജ്വാലാ ഡയമണ്ട്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ കെവി ജോണി പറഞ്ഞു.

മേളയുടെ പ്രധാന ആകര്‍ണം സ്വര്‍ണാഭരണ ഫാഷന്‍ ഷോയായിരുന്നു. വ്യത്യസ്ത വജ്ര സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് റാംമ്പില്‍ ചുവടുവച്ച മോഡലുകളുടെ നേതൃത്വം പ്രശസ്ത ഹിന്ദി സിനിമാതാരം ഉല്‍കാ ഗുപ്തയായിരുന്നു.

 

 

 

 

ഫോട്ടോ : കേരളവിഷന്‍ ഓണ്‍ലൈന്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top